murder-wayanadu
murder wayanadu

കൽപ്പറ്റ: മൂന്ന് വർഷം മുമ്പ് കേണിച്ചിറയിൽ ആദിവാസി യുവാവ് മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കൂലി കൂടുതൽ ചോദിച്ചതിന് അച്ഛനും മകനും ചേർന്ന് വീട്ടിലെ പണിക്കാരനായിരുന്ന യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

കേണിച്ചിറ അതിരാറ്റ് പാടി പണിയ കോളനിയിലെ മഞ്ചിയുടെ മകൻ മണിയുടെ (45) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2016 ഏപ്രിൽ നാലിനാണ് മണിയുടെ മരണം. മണി ജോലിക്കു നിന്ന വീടായ കേണിച്ചിറ വെങ്ങലൻകുന്ന് തൊടിയിലെ വി.ഇ. തങ്കപ്പൻ (62), മകൻ സുരേഷ് (40) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്.

കൂലി വർദ്ധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ മണിയെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ സമീപത്ത് വിഷക്കുപ്പി വയ്ക്കുകയുമായിരുന്നു.

അസ്വാഭാവിക മരണത്തിന് കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിൽ കഴുത്തിൽ ബലം പ്രയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. എന്നാൽ ലോക്കൽ പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് 2018 മാർച്ചിൽ സി.ബി.സി.ഐ.ഡിക്ക് കൈമാറി.