തിരുവനന്തപുരം: ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഏത് ലക്ഷ്യവും നേടിയെടുക്കാമെന്ന് പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ അഭിലാഷ് ടോമി പറഞ്ഞു. കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുംബയിൽ നിന്ന് യാത്ര തുടങ്ങി മാസങ്ങൾ താണ്ടി തെക്കൻ ചിലിയുടെ അടുത്ത് കേപ് ഓഫ് ഹോൺ കടന്നതും സൗത്ത് ആഫ്രിക്കയുടെ അരികിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയതും നേരിട്ട വെല്ലുവിളികളും ടോമി പങ്കുവച്ചു. ആദ്യ ലോകപര്യടനം കഴിഞ്ഞ് തിരികെ മുംബയിലെത്തിയപ്പോൾ ഗേറ്റ് വേ ഒാഫ് ഇന്ത്യയിൽ രാഷ്ട്രപതി സ്വീകരിക്കാനെത്തിയത് ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞ ടോമി, പരിക്കേറ്റത് കാരണം പൂർത്തീകരിക്കാനാവാത്ത ഗോൾഡൻ ഗ്ലോബ് പര്യടനത്തിൽ ദുഃഖമുണ്ടെന്നും വെളിപ്പെടുത്തി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2022 ലെ ഗോൾഡൻ ഗ്ലോബ് പര്യടനത്തിൽ താൻ പങ്കെടുക്കുമെന്നും ടോമി പറഞ്ഞു.