റായപൂർ: പൗരത്വ ഭേദഗതി നിയമത്തിലും എൻ.ആർ.സിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ. ഇവരുടെ അഭിപ്രായ വ്യത്യാസം കാരണം രാജ്യമാണ് അനുഭവിക്കുന്നതെന്നും ഭൂപേഷ് ഭാഗൽ കൂട്ടിച്ചേർത്തു. അമിത് ഷാ പറയുന്നത് പൗരത്വ നിയമവും എൻ.ആർ.സിയും എൻ.പി.ആറും തുടർച്ചയാണെന്നാണ്. എന്നാൽ മോദി പറയുന്നത് എൻ.ആർ.സി നടപ്പാക്കുകയില്ലെന്ന്. സത്യത്തിൽ ആരാണ് നുണ പറയുന്നത്? ഭൂപേഷ് ഭാഗൽ ചോദിച്ചു.
രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കം മൂലം അനുഭവിക്കുന്നത് രാജ്യമാണ്. കേന്ദ്രം രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ആദ്യത്തെ അഞ്ച് വര്‍ഷം നോട്ട് നിരോധനവും ജി.എസ്.ടിയും മോദി നടപ്പിലാക്കി. അവസാനത്തെ ഏഴ്-എട്ട് മാസത്തെ തീരുമാനം എടുത്തത് അമിത്ഷായാണ്. ആൾട്ടിക്കിൾ 370 എടുത്തുകളഞ്ഞതും പൗരത്വ നിയമവും നടപ്പിലാക്കിയതും എൻ.പി.ആർ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും അമിത്ഷായാണെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു.
പുൽവാമ ആക്രമണത്തിലും അദ്ദേഹം കേന്ദ്രത്തിനെതിരെ തുറന്നടിച്ചു. പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടർന്ന് ഉയർന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.