മുംബയ്: ഷിർദ്ദി സായിബാബയുടെ ജന്മസ്ഥലം പർഭാനി ജില്ലയിലെ പത്രിയാണെന്ന പ്രഖ്യാപിച്ച് അവിടത്തെ വികസനത്തിന് 100 കോടി രൂപ അനുവദിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന സായിബാബയുടെ സമാധി സ്ഥലമായ ഷിർദ്ദിയിലെ ക്ഷേത്രം ഇന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അധികൃതർ അറിയിച്ചു. ഷിർദ്ദിയിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളും ഇവർക്കൊപ്പമുണ്ട്.
പത്രിയെ തീർത്ഥാടന കേന്ദ്രമാക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യമെന്നാണ് ആരോപണം. മന്ത്രി അശോക് ചവാനും ഉദ്ധവിനെ അനുകൂലിച്ച് രംഗത്തെത്തി. പത്രി തീർത്ഥാടന കേന്ദ്രമായി വികസിച്ചാൽ ഷിർദ്ദിയുടെ പ്രാധാന്യവും അവിടത്തെ വരുമാനവും കുറയുമെന്ന ആശങ്കയാണ് സമരപ്രഖ്യാപനത്തിന് പിന്നിൽ.
ഉദ്ധവ് താക്കറയുടെ പ്രഖ്യാപനത്തിൽ ഷിർദ്ദിയിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന് ക്ഷേത്രം മുൻ ട്രസ്റ്റി കൈലാസ്ബാപ്പു കോട്ടെ പറഞ്ഞു.
'ബാബയുടെ ജന്മസ്ഥലമേതെന്ന് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ലഭ്യമല്ല. ഷിർദ്ദിയിൽ താമസിക്കുന്ന കാലത്ത് ജന്മസ്ഥലവുമായോ മതവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും ബാബ വെളിപ്പെടുത്തിയിട്ടില്ല'- കോട്ടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ചർച്ച ചെയ്യാന്‍ ഗ്രാമീണരുടെ യോഗം ക്ഷേത്ര അധികൃതർ വിളിച്ചിട്ടുണ്ട്. ഷിർദ്ദി സന്ദർശിക്കാൻ വരുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിലായിരിക്കും നടപടികൾ.
ജന്മസ്ഥലത്തെ കുറിച്ച് തർക്കങ്ങളില്ല. ഷിർദ്ദി സായിബാബ എവിടെയാണ് ജനിച്ചതെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരല്ല
- സുജയ് വിക്കെ പാട്ടിൽ, ബി.ജെ.പി എം.പി