ഹൊബാർട്ട്: അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയ്ക്ക് ആദ്യ ടൂർണമെന്റിൽത്തന്നെ കിരീടത്തിളക്കം. ആസ്ട്രേലിയയിൽ നടന്ന ഡബ്ലിയു.ടി.എ ഹാെബാർട്ട് ഇന്റർനാഷണൽ കപ്പ് ടൂർണമെന്റിലാണ് ഉക്രൈൻ താരം നദിയ കിച്ചനോക്കുമായി ചേർന്ന് സാനിയ കിരീടത്തിൽ മുത്തമിട്ടത്.
ഫൈനലിൽ രണ്ടാം സീഡായ ചൈനീസ് ജോഡി ഷുയി പെൻഗ്- ഷുയി സ്വാൻഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സീഡില്ലാ സഖ്യമായ സാനിയയും നദിയയും കപ്പുയർത്തിയത്. ഒരു മണിക്കൂർ 21 മിനിട്ട് നീണ്ട മത്സരത്തിൽ 6-4, 6-4 നായിരുന്നു സാനിയ-നദിയ സഖ്യത്തിന്റെ വിജയം. മത്സരത്തിന്റെ തുടക്കം മുതൽ സാനിയ സഖ്യം ആധിപത്യം നേടി.
സെമിയിൽ ടമാറ സൈഡൻസെക്– മേരി ബോഷ്കോവ സഖ്യത്തെയും നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സാനിയ-നദിയ ജോഡി ഫൈനലിൽ എത്തിയത്.
2017ഒക്ടോബറിൽ ചൈന ഓപ്പണിൽ കളിച്ച ശേഷം സാനിയ പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റാണിത്.
2018 ഏപ്രിലിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താനും മുൻ പാക് ക്രിക്കറ്റ് താരമായ ഭർത്താവും ശുഹൈബ് മാലിക്കും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണെന്ന് സാനിയ ലോകത്തെ അറിയിച്ചത്. ആ വർഷം ഒക്ടോബറിൽ സാനിയയ്ക്കും ശുഹൈബിനും ഇസ്ഹാൻ മിർസ മാലിക് പിറന്നു. ഹൊബാർട്ട് കിരീടനേട്ടത്തിലൂടെ ഉടൻ തുടങ്ങുന്ന ആസ്ട്രേലിയൻ ഓപ്പണിന് മുന്നോടിയായി മികച്ച ഒരുക്കം നടത്താനായതിന്റെ സന്തോഷത്തിലാണ് മുപ്പത്തിമൂന്ന്കാരിയായ സാനിയ. ഈ വർഷം നടക്കുന്ന ഒളിമ്പിക്സിൽ സാനിയയിലൂടെ ഒരു ഒളിമ്പിക്സ് മെഡൽ ഇന്ത്യ സ്വപ്നം കാണുന്നുണ്ട്.
ഗംഭീര തിരിച്ചുവരവ്
അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്ക് തിരിച്ചു വരാനായി വലിയ തയ്യാറെടുപ്പുകളാണ് സാനിയ നടത്തിയത്. ഗർഭണിയായപ്പോൾ മുതൽ ഉറക്കവും ഭക്ഷണവും കൂടിയതോടെ സാനിയ നന്നായി തടിവച്ചു. കുട്ടി പിറന്നതോടെ അവനായി ലോകം. ഇസ്ഹാന് ആറ് മാസം പ്രായമായതോടെ സാനിയ ജിമ്മിൽ വർക്കൗട്ട് തുടങ്ങുകയും ശരീര ഭാരം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം ടെന്നിസ് കോർട്ടിൽ പരിശീലനം തുടങ്ങുകയുമായിരുന്നു.
വനിതാ സിംഗിൾസിൽ 27-ാം റാങ്കുവരെയെത്തിയിട്ടുള്ള സാനിയ കൈക്കുഴയ്ക്ക് പരിക്കേറ്രതോടെ ഡബിൾസിലേക്ക് മാറുകയായിരുന്നു.
ഡബിൾസിൽ ശ്രദ്ധകേന്ദ്രീകരിച്ച സാനിയ ഒന്നാം റാങ്ക് വരെയെത്തി.
ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
സാനിയയുടെ 42-ാം ഡബ്ലിയു.ടി.എ കിരീടമാണിത്.
2016ലെ ആസ്ട്രേലിയൻ ഓപ്പണാണ് സാനിയ അവസാനം നേടിയ ഗ്രാൻഡ് സ്ലാം കിരീടം