ss

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി സമിതി പത്താം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പുത്തരിക്കണ്ടം മൈതാനത്ത് പതാക ഉയർന്നു. കണ്ണൂരിൽ ജയരാജ് പുത്തലത്തിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു വി.ഗോപിനാഥന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതാകജാഥയും കൊല്ലം മോഹനൻപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നിന്നു ബിന്നി ഇമ്മട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊടിമരജാഥയും കേശവദാസപുരം ജംഗ്ഷനിൽ സംഗമിച്ചു. വിഴിഞ്ഞം സ്റ്റാൻലിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച ദീപശിഖാറാലി നിരവധി അത്‌ലറ്റുകളുടെ അകമ്പടിയോടെ ഗാന്ധിപാർക്കിലെത്തി. തുടർന്ന് വലിയമഠം അശോകന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സമ്മേളനഹാളിൽ ഉയർത്താനുള്ള പതാക സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ വി.ശിവൻകുട്ടി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരവും, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ പതാകയും ഏറ്റുവാങ്ങി.