കൊച്ചി: രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ റിക്കറിംഗ് നിക്ഷേപങ്ങളുടെ (ആർ.ഡി) പലിശനിരക്ക് കുറച്ചു. പുതുക്കിയ നിരക്ക് ജനുവരി പത്തിന് പ്രാബല്യത്തിൽ വന്നു. ഒരുവർഷം മുതൽ പത്തുവർഷം വരെ കാലാവധിയുള്ള റിക്കറിംഗ് നിക്ഷേപങ്ങൾ എസ്.ബി.ഐ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയുടെ പലിശ 0.15 ശതമാനമാണ് കുറച്ചത്.
നേരത്തേ, ഉപഭോക്താവിന് എസ്.ബി.ഐയിൽ റിക്കറിംഗ് നിക്ഷേപത്തിലൂടെ 6.25 ശതമാനം പലിശ ലഭിച്ചിരുന്നത്, 6.10 ശതമാനമായി കുറയും. പ്രതിമാസം 100 രൂപ മുതലുള്ള റിക്കറിംഗ് നിക്ഷേപങ്ങൾ എസ്.ബി.ഐയിലുള്ളത്. ഉയർന്ന പ്രതിമാസ തുകയ്ക്ക് പരിധിയില്ല. അതേസമയം, ഓരോ ആർ.ഡിക്കും നിക്ഷേപ കാലാവധിയിലുടനീളം ഒരേ പലിശനിരക്കായിരിക്കും.
സ്ഥിരനിക്ഷേപങ്ങളുടെ പലിശയും എസ്.ബി.ഐ കഴിഞ്ഞവാരം കുറച്ചിരുന്നു. ഒന്നുമുതൽ പത്തുവർഷം വരെ കാലാവധിയുള്ള വിവിധ നിക്ഷേപങ്ങളുടെ പലിശയിൽ 0.15 ശതമാനമാണ് ജനുവരി പത്തിന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഏഴ് ദിവസം മുതൽ ഒരുവർഷത്തിന് താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റമില്ല. ഒരുവർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വിവിധ സ്ഥിരനിക്ഷേപങ്ങൾക്ക് നേരത്തേ 6.25 ശതമാനം പലിശ ഉപഭോക്താവിന് ലഭിച്ചിരുന്നു. 6.10 ശതമാനമാണ് പുതുക്കിയ പലിശ.