thiruvairanikkulam
തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീ ദേവിയുടെ നടതുറപ്പ് മഹോത്സവം നാളെ സമാപിക്കും. നാളെ വൈകിട്ട് എട്ടിന് നടയടയ്ക്കും. ലക്ഷക്കണക്കിനു ഭക്തർ ഇതിനകം ദർശന സായൂജ്യം നേടി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ക്ഷേത്രത്തിൽ എത്തും.

വിർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്‌തവർക്ക് പ്രത്യേകം ക്യൂ ഏർപ്പെടുത്തിയതിനാൽ തിരക്ക് ബാധിച്ചിട്ടില്ല. അന്നദാനത്തിലും ഭക്തസഹസ്രങ്ങൾ പങ്കെടുക്കുന്നുണ്ട്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഭക്തർക്ക് സഹായകരമാണ്. സി.സി.ടി.വി ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ക്ഷേത്രപരിസരം തത്സമയ നിരീക്ഷണത്തിലുമാണ്.

പിൽഗ്രിം ടൂറിസം സെന്റ‌ർ

ഉദ്ഘാടനം ഇന്ന്

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തോട് അനുബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച പിൽഗ്രിം ടൂറിസം ആൻഡ് അമിനിറ്റി സെന്ററിന്റെ നി‌ർമ്മാണോദ്‌ഘാടനം ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹ്‌നാൻ എം.പി മുഖ്യാതിഥിയാകും.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സെന്റർ ഒരുങ്ങുന്നത്. താമസ സൗകര്യം, ഡൈനിംഗ് ഹാൾ, ഓഡിറ്രോറിയം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നി‌ർമ്മാണച്ചെലവ് 20 കോടി രൂപ. നാല് കോടി രൂപ ആദ്യഘട്ട തുകയായി സർക്കാർ അനുവദിച്ചിട്ടുണ്ട്.