delhi-election-

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്താൻ തകർപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി. 20 ദിവസത്തിനുള്ളിൽ 5000 തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. 70 നിയമസഭാ സീറ്റുകളിലേക്കായി തിരഞ്ഞെടുപ്പിൽ പ്രതിദിനം മൂന്നോ നാലോ റാലികൾ നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കേന്ദ്ര നേതാക്കളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ നടത്തുന്നത്.

മുതിർന്ന കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 100 ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ നേതാക്കളും മൂന്ന് വീതം തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തോളം റാലികളിൽ പങ്കെടുക്കും. ഇന്നലെ ബി.ജെ.പി 57 സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അരവിന്ദ് കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ..