തിരുവനന്തപുരം: അങ്കണവാടിയിൽ ആയയുടെ മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനാണ് പരിക്കേറ്റത്. പാറശാല പരശുവയ്ക്കൽ പൊന്നംകുളം അങ്കണവാടിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാത്തതിനാലാണ് കുട്ടിയെ അങ്കണവാടിയിലെ ആയ സുജാത മർദ്ദിച്ചത്. കുഞ്ഞിന്റെ കവിളുകളിൽ മുറിവേറ്റതിന്റെ പാടുകളും ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകളും കണ്ട രക്ഷിതാക്കൾ കുട്ടിയെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയയ്ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. സുജാത കുട്ടികളെ മർദ്ദിക്കുന്നത് പതിവാണെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പറഞ്ഞു. പൊന്നംകുളത്തെ അങ്കണവാടിയിൽ ഒന്നര മാസം മുമ്പാണ് സുജാത ജോലിയിൽ പ്രവേശിച്ചത്.