rajmohan-unnithan

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാൻ ധൈര്യമുണ്ടോ എന്ന് കേന്ദ്രത്തോട് ഉണ്ണിത്താൻ വെല്ലുവിളി മുഴക്കി. പൗരത്വ സംരക്ഷണ സംയുക്ത സമിതി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

ലോക്സഭയും രാജ്യസഭയും പാസ്സാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ അത് നിയമമായി. ഇതിനെതിരെ ഏതെങ്കിലും നിയമസഭ പ്രമേയം പാസ്സാക്കിയാൽ ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് ആ സർക്കാരിനെ പിരിച്ചുവിടും. എന്നാൽ കേരളനിയമസഭ ഐകകണ്ഠ്യേന അങ്ങനെയൊരു പ്രമേയം പാസാക്കിയിരിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാൻ ധാര്യമുണ്ടോ കേന്ദ്ര സർക്കാരിന്? ഉണ്ടെങ്കിൽ തൊട്ടു നോക്ക്. അപ്പോൾ കാണാമെന്നും രാജ്മോഹന്‍ ഉണ്ണിത്താൻ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ നിലനിന്ന ഏതെങ്കിലും നിയമസഭയെ തൊടാൻ മോദിക്കും അമിത് ഷായ്ക്കും ധൈര്യമുണ്ടോ?​ ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന പ്രമേയം കൊണ്ടുവന്നാൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ കബളിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ സെൻസസ് നടപടികൾക്കൊപ്പം ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടികളുമെടുക്കാൻ നിർദ്ദേശിച്ച് നവംബർ 12ന് പുരത്തിറക്കിയ സർക്കുലർ സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.