എഴുത്തിന്റെ ലോകം വിചിത്രമാണ്. എഴുത്തുകാരുടേതും. ഓരോ എഴുത്തുകാരനും ഉള്ളത് അവരവരുടേതായ ലോകവും കാലവുമാണ്. ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകൾ. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"പരജീവസൗഖ്യാർത്ഥം കവിതയുടെ തലങ്ങളിൽ വ്യാപരിച്ച ആശാൻ; 'നരകത്തിൽ നിന്നെന്നെ കാത്തു നീ,യസുന്ദര നരഹത്യയിൽ നിന്നുമാത്മഹത്യയിൽ നിന്നും", എന്ന് സ്വരക്ഷയ്ക്കായി കവിതയെ കണ്ടെടുത്ത വൈലോപ്പിള്ളി; 'ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം എന്ന് സമകാലകഠിനയാഥാർത്ഥ്യങ്ങളുടെ ചൂളയിൽ വെന്ത്, കവിതയിൽ അഭയം കണ്ട അക്കിത്തം. എല്ലാവർക്കും അവരവരുടേതായ പ്രത്യേകതകളും, സ്വഭാവരീതികളുമുണ്ട്. ഓരോ എഴുത്തുകാരനും അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടും കാരണതലങ്ങളുമുണ്ട്. ഇത് എഴുത്തിലെത്തിയതെങ്ങനെ എന്നതിനോ, എഴുതുന്നതെന്തിനു വേണ്ടിയെന്നതിനോ ഉള്ള ഉത്തരമാവാം. എന്നാൽ എഴുതുന്ന നേരത്തിലുള്ള പ്രത്യേക ശീലങ്ങളെന്താണ്, എഴുത്തെന്ന പ്രക്രിയയിലേർപ്പെടുമ്പോൾ എഴുത്തുകാരുടെ നിഷ്കർഷതകളെന്താണ്, അവർ അവലംബിക്കുന്ന രീതികളെന്താണ്, എന്നൊക്കെ അന്വേഷിച്ചാൽ കൗതുകകരമായ വസ്തുതകൾ വെളിപ്പെടുന്നതായി കാണാം. മഹാന്മാരായ ചില ലോകസാഹിത്യകാരന്മാരുടെ വിചിത്രങ്ങളായ ശീലങ്ങളെ നോക്കിക്കാണുകയാണിവിടെ. ഇതു രസകരമായ ഒരു പ്രവൃത്തിയാണ് കലാകാരന്മാരുടെ വിചിത്രമായ രീതികളെയും, സ്വഭാവസവിശേഷതകളെയും കുറിച്ച് അന്വേഷിക്കുക എന്നത്. ചിലരുടെ രീതികൾ തികച്ചും വിചിത്രവും കൗതുകകരവുമാണ്. എങ്ങനെ എന്നു നോക്കുക:
'പാവങ്ങൾ" എഴുതിയ മഹാനായ വിക്ടർ ഹ്യൂഗൊ നമ്മെ ഈ കാര്യത്തിലും അത്ഭുതപ്പെടുത്തും. തന്റെ ജോലിക്കാരനോട് തന്നെ പൂർണ്ണമായും വിവസ്ത്രനാക്കാനും, വസ്ത്രങ്ങൾ തിരിച്ചു നല്കാതിരിക്കാനും അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. എഴുത്തുമുറിയിൽ നഗ്നനായി പുറത്തുപോകാനാവാതെ ഇരുന്നെഴുതാനദ്ദേഹം നിർബന്ധിതനാകും.
തന്റെ ജീവിതത്തിലെ എല്ലാ സൂര്യോദയവും താൻ കണ്ടിട്ടുള്ളതായി ഹെമിങ്ങ് വേ അവകാശപ്പെടുമായിരുന്നു. അദ്ദേഹം എഴുതിയിരുന്നത് പുലർകാലങ്ങളിലായിരുന്നു. സ്വന്തം മുറിയിൽ വാതിലടച്ച്, ആരും വിളിക്കരുതെന്ന് കൃത്യമായ നിർദ്ദേശം നല്കി, ആറു മണിക്കൂറോളം പുലർച്ചെ അദ്ദേഹം എഴുത്തിൽ വ്യാപരിക്കും. എണ്ണൂറോളം വാക്കുകൾ ഒരു ദിവസം എഴുതി. മാത്രമല്ല, നിന്നുകൊണ്ടാണ് എഴുത്ത്.
ജോർജ് സിമെനൺ എന്ന വിഖ്യാത നോവലിസ്റ്റ് എഴുതുന്ന കാലങ്ങളിൽ ആരെയും കാണാൻ കൂട്ടാക്കിയിരുന്നില്ല. ആരോടും സംസാരിക്കുമായിരുന്നില്ല. ഫോൺകാളും സ്വീകരിക്കുമായിരുന്നില്ല. മാത്രമല്ല, കൗതുകകരമായ മറ്റൊരു കാര്യം, ഏതെങ്കിലും ഒരു കൃതി ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു ആരോഗ്യ പരിശോധന നടത്തിയിരുന്നു, എന്നതാണ്. (ഇവിടെ പലർക്കും ഇന്ന് കൃതി വെളിച്ചം കണ്ടതിനു ശേഷമാണ് ഹെൽത്ത് ചെക്കപ്പ് വേണ്ടി വരിക എന്ന വ്യത്യാസം മാത്രം!)
ചില എഴുത്തുകാർ ഏകാന്തതയും നിശബ്ദതയും ഇഷ്ടപ്പെട്ടു. എന്നാൽ ചിലർക്ക് ശബ്ദായമാനമായ ചുറ്റുപാടുകൾ വേണം എഴുതാൻ. ആന്റൺ ചെക്കോവ് എഴുതിയിരുന്നത് കുട്ടികൾ പാടുകയും പിയാനോ വായിക്കുകയും ചെയ്യുന്നതിനിടയിൽ വെച്ചായിരുന്നു.
ഫ്ളോബെർട് ഒരു പുസ്തകം എഴുതുന്നതിനു മുൻപ് ധാരാളം കുറിപ്പുകൾ തയ്യാറാക്കുമായിരുന്നു. പിന്നെ വെട്ടിയും തിരുത്തിയും ചുരുക്കിയും, കൃത്യമായി എഴുതാനുള്ളത് തീരുമാനിക്കും. മാത്രമല്ല അദ്ദേഹം കൈയെഴുത്തുപ്രതി തന്റെ ടെറസ്സിൽ കൊണ്ടു പോയി അവിടെ നിന്ന് ഉച്ചത്തിൽ വായിക്കുകയും പതിവായിരുന്നു.
ഷില്ലർ എന്ന ജർമൻ കവിക്ക് തികച്ചും വ്യത്യസ്തമായ ശീലമാണുണ്ടായിരുന്നത്. അദ്ദേഹം തന്റെ മേശയ്ക്കുള്ളിൽ ചീഞ്ഞ മുട്ടകൾ നിറയ്ക്കും. അതിന്റെ ദുർഗന്ധം എഴുതാനുള്ള ഉത്തേജനമായി അദ്ദേഹത്തിന് അനുഭവപ്പെടും. ഡോ. സാമുവൽ ജോൺസൺ എഴുതുമ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ചയെ നിർബന്ധമായും മേശയ്ക്കു മുകളിൽ ഇരുത്തുമായിരുന്നു.
ഫ്രഞ്ച് കവിയും നാടകകൃത്തുമായ എഡ്മണ്ട് റോസ്റ്റന്റ് എഴുതുമ്പോൾ ഏകാന്തതയ്ക്കായി ബാത് ടബ്ബിൽ ഏറെ നേരം ഇരിക്കും. ചിലപ്പോൾ മുഴുവൻ ദിവസവും അങ്ങനെ തുടരും. വേർഡ്സ് വർത്ത് എന്നാൽ വ്യത്യസ്തനായിരുന്നു. അദ്ദേഹം എഴുതിയത് മിക്കവാറും വീട്ടിനകത്തല്ല, പുറത്തു വച്ചായിരുന്നു. പ്രസിദ്ധ എഴുത്തുകാരി എനിഡ് ബ്ളൈറ്റൺ തന്റെ എഴുത്തിന്റെ ഭൂരിഭാഗവും ചെയ്തത് തന്റെ ഉദ്യാനത്തിൽ പോർട്ടബിൾ ടൈപ്പ് റൈറ്ററിന്റെ സഹായത്തോടെയായിരുന്നു. കൊണ്ടു നടക്കാവുന്ന എഴുത്തുമേശയോടെ മാത്രമേ ആന്റണി ത്രൊല്ലോപ്പിനെ മിക്കവാറും കാണാനാകുമായിരുന്നുള്ളു. അദ്ദേഹത്തിന് എവിടെ എന്നതൊരു പ്രശ്നമായിരുന്നില്ല. റെയിൽ വേ പ്ലാറ്റ്ഫോമിലായിരുന്നാലും, സ്വന്തം മുറിയിലായാലും, യാത്രയിൽ കപ്പലിൽ വച്ചായിരുന്നാലും, ഈ മേശയുടെ സഹായത്തോടെ എഴുത്ത് നിർബ്ബാധം നടക്കും.
ജെ. ബി. പ്രീസ്റ്റിലി, മാർസൽ പ്രൂസ്റ്റ് എന്നിവർ എഴുതുമ്പോൾ, ചെറിയ ഒരു ശബ്ദം പോലും സഹിക്കുമായിരുന്നില്ല. തികഞ്ഞ ഏകാന്തതയും, നിശബ്ദതയും, നിർബന്ധമായിരുന്നു അവർക്ക്, ഭാവനയുടെ രശ്മികൾ വിരിയാൻ.
അലക്സാണ്ടർ ഡൂമാസ് കവിതകൾ മഞ്ഞപ്പേപ്പറിലും, ലേഖനങ്ങൾ പിങ്ക് പേപ്പറിലും, നോവലുകൾ നീലപ്പേപ്പറിലും എഴുതി. എപ്പോഴും പച്ച മഷി മാത്രം ഉപയോഗിച്ചു. ഒരിക്കൽ ഒരു കൃതിയെഴുതാൻ ഉപയോഗിച്ച പേന പിന്നെ ഉപയോഗിക്കാറില്ല.
ബർണാഡ് ഷാ എപ്പോഴും ഷോർട്ട് ഹാന്റിൽ എഴുതി. മനസിന്റെ വേഗത്തിനൊത്ത് കൈകൾ ചലിക്കാൻ ഇതാണ് അദ്ദേഹം കണ്ടെത്തിയ മാർഗം. ടോൾസ്റ്റോയിയാണ് ടൈപ്പ് റൈറ്റർ ആദ്യമായി ഉപയോഗിച്ച എഴുത്തുകാരൻ എന്നു പറയപ്പെടുന്നു. പൂർണ്ണത, പിഴവില്ലായ്മ, അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. പ്രസിദ്ധമായ 'വാർ അന്റ് പീസ്" എന്ന ബൃഹത്തായ നോവൽ, അഞ്ഞൂറോളം കഥാപാത്രങ്ങളുള്ള നോവൽ, അദ്ദേഹം ഏഴു തവണ തിരുത്തി എഴുതിയതായി പറയപ്പെടുന്നു. എഡ്ഗർ അലൻ പൊ സ്വന്തം പൂച്ചയായ കാത്തറിനയെ ഏറെ സ്നേഹിച്ചിരുന്നു. മാത്രമല്ല, അതിനെ തന്റെ രക്ഷാകർത്താവായി, ഗാർഡിയനായി, കരുതിയിരുന്നത്രേ. പൊ മരിച്ച് രണ്ടാഴ്ചയ്ക്കകം ഈ പൂച്ചയും ഇഹലോകവാസം വെടിഞ്ഞു.
ജെയിംസ് ജോയിസ് കമിഴ്ന്നു കിടന്നാണ് എഴുതിയിരുന്നത്. വലിയ നീല പെൻസിലുകൾ അദ്ദേഹം ഉപയോഗിച്ചു. മാത്രമല്ല, എഴുതുന്ന അവസരങ്ങളിൽ വെളുത്ത കോട്ടും ധരിച്ചു. ഇതെല്ലാം, അദ്ദേഹത്തിന്റെ മങ്ങിയ കാഴ്ച കാരണമായിരുന്നു എന്നു പറയപ്പെടുന്നു. വലിയ പെൻസിലുകൾ, എഴുതിയത് കൂടുതൽ വ്യക്തമായി കാണാൻ സഹായിച്ചു. വെളുത്ത കോട്ട് കൂടുതൽ വെളിച്ചം പ്രതിഫലിപ്പിച്ചു. വില്യം ഫോക്നർ എഴുതുന്ന അവസരങ്ങളിൽ ധരാളം വിസ്കി കുടിച്ചിരുന്നു. ലൂയി കരോൾ പർപ്പിൾ നിറത്തിലുള്ള മഷി മാത്രം ഉപയോഗിച്ചു, എഴുതാൻ. ബൽസാക് എഴുതുമ്പോൾ, ധാരാളം കാപ്പിയാണ് കുടിച്ചിരുന്നത്. അമ്പതോളം കപ്പ് കാപ്പി ഒരു ദിവസം അദ്ദേഹം കുടിച്ചു. ഡാൻ ബ്രൗൺ തല കുത്തനെ തൂങ്ങി നില്ക്കുന്നത് എഴുത്തിനെ സഹായിക്കുമെന്നു വിശ്വസിച്ചു! ശ്രദ്ധ കൂടുന്നതിനും, ആവശ്യമായ വിശ്രമത്തിനും ഈ വ്യായാമം ഉതകുമെന്നദ്ദേഹം കരുതി.
ഇങ്ങനെ പോകുന്നു എഴുത്തുകാരുടെ വിചിത്രമായ ശീലങ്ങൾ. ധിഷണാശാലികളുടെ മനോവ്യാപാരങ്ങൾ, സാധാരണയിൽ നിന്നു വ്യത്യസ്തമാകാം. എന്നാൽ, ധിഷണയിലേക്കുള്ള വഴി ഈ വൈചിത്ര്യങ്ങളിലൂടെ എന്നു വിശ്വസിക്കുന്നത് എവിടെക്കൊണ്ടെത്തിക്കുമെന്ന് ആർക്കു പറയാനാവും? ഉത്തമരചനകൾക്കായി ഇവിടെ ഇന്ന് അനേകം പേർ , തലകുത്തനെ നില്ക്കുകയും, വിസ്കി നിർത്താതെ കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാം.
(ലേഖകന്റെ ഫോൺ നമ്പർ: 7550125501)