എന്തിനെയെങ്കിലും സേവിക്കാത്തവരുണ്ടാകുമോ? രാധാകൃഷ്ണന്റെ ചോദ്യം കേട്ട് പഴയകാല സുഹൃത്തുക്കൾ ചിരിച്ചു. പരിഹാസം നിറഞ്ഞ ചിരി. പഠനകാലത്ത് ശരാശരി വിദ്യാർത്ഥിപോലുമായിരുന്നില്ല രാധാകൃഷ്ണൻ. പല വിഷയങ്ങൾക്കും തോറ്റു തൊപ്പിയിടും. ഭാവിയിൽ ഒരു കൂലിവേലക്കാരൻ. അല്ലെങ്കിൽ ഒരു കൈയാളോ മേസ്തിരിയോ? അതിലപ്പുറം എന്താകാനാണ്? രക്ഷിതാക്കളും വലിയ പഠിപ്പുള്ളവരല്ല. സന്തതസഹചാരികളായി ദാരിദ്ര്യവും കഷ്ടപ്പാടുകളും.
രാധാകൃഷ്ണൻ ഇപ്പോൾ അറിയപ്പെടുന്ന പ്രഭാഷകനാണ്. വേദപണ്ഡിതൻ. ഏതു മതത്തെക്കുറിച്ചും ഒന്നോരണ്ടോ മൂന്നോ മണിക്കൂർ സംസാരിക്കും. ആളുകൾ മിഴിചിമ്മാതെ കേട്ടിരിക്കും. പഠിക്കുന്ന കാലത്ത് എല്ലാ വിഷയത്തിനും ഒന്നാമനായിരുന്ന പരമേശ്വരൻ സംസ്കൃത പണ്ഡിതനായ റിട്ട. പ്രൊഫസറുടെ വാക്കുകൾ കേട്ട് അതിശയിച്ചു. തന്റെ സഹപാഠിയായിരുന്നുവെന്ന് പരമേശ്വരൻ പറഞ്ഞപ്പോൾ പ്രൊഫസർ അയാളോടൊപ്പം പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വിശേഷിപ്പിച്ചു. കുറേ പഴയകാല സുഹൃത്തുക്കളെയും കൂട്ടി സംശയനിവൃത്തി വരുത്താനാണ് പരമേശ്വരൻ രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്.
വൈകിട്ട് ഒരു സർവമത പ്രഭാഷണത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു രാധാകൃഷ്ണൻ. പഴയകാല സുഹൃത്തുക്കളെ കണ്ട് പഴയകാലത്തെപോലെ നിഷ്കളങ്കമായി ചിരിച്ചു. പെരുമാറി. ഒരു ഭാവമാറ്റവുമില്ല. മുഖത്ത് പ്രത്യേക തേജസ്. എങ്ങനെ അറിയപ്പെടുന്ന പ്രഭാഷകനായി എന്ന് ഒരാൾ ചോദിച്ചപ്പോൾ വെറുമൊരു മരമണ്ടനാണെന്ന് വളരെ നേരത്തേ ഞാൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് വേദങ്ങളിലേക്കും പുരാണങ്ങളിലേക്കും സർവമത ഗ്രന്ഥങ്ങളിലേക്കും എത്തിച്ചു. ബുദ്ധിസൂര്യനെപ്പോലെയാണ്. തെളിയാനും മങ്ങാനും അധികം നേരം വേണ്ട.
പണമല്ലേ ഇന്ന് സർവവും. അതിനെമോഹിക്കുന്നതും പ്രേമിക്കുന്നതും തെറ്റാണോ എന്ന് ചോദിച്ചത് പരമേശ്വരൻ. ഒരു തെറ്റുമില്ല. സമ്പത്ത് ലക്ഷ്മിയല്ലേ. ആശിക്കാം. പക്ഷേ വസ്ത്രാക്ഷേപം ചെയ്യരുത്. ബലാൽസംഗം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവർക്ക് ഒരിക്കലും മനസമാധാനം കിട്ടരുതെന്ന് മഹാലക്ഷ്മി ശപിച്ചുകളയും. രാധാകൃഷ്ണൻ ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒരു കഥയും ഉദാഹരിച്ചു.
ദക്ഷിണ കോസലത്ത് ധനമോഹികൾക്കിടയിൽ കുബേരൻ എന്നു പേരുള്ളയാൾ ജീവിച്ചിരുന്നു. പരിവാരങ്ങളുമായി ഒരിക്കൽ അയാൾ ശങ്കരാചാര്യരെ കാണാനെത്തി. കുബേരനെ കൂടെ വന്നവർ ഇങ്ങനെ വിശേഷിപ്പിച്ചു. കുബേരൻ സർവ വിധ ധനങ്ങൾക്കും അധികാരിയാണ്. അതുകൊണ്ട് അദ്ദേഹം എല്ലാവരുടെയും നാഥനാണ്. ഞങ്ങൾ കുബേര ഭക്തന്മാരാണ്. അതിനാൽ ദാരിദ്ര്യദുഃഖം ഒരിക്കലും ഞങ്ങളെ തീണ്ടുകയില്ല.അതുകൊണ്ടുതന്നെ ബ്രഹ്മാനന്ദവും ലഭിക്കുന്നു. കുബേരനെയല്ലാതെ മറ്റു ദേവന്മാരെ പൂജിക്കുന്നവർ മൂഢന്മാരാണ്.
ശങ്കരാചാര്യർ ചിരിച്ചുകൊണ്ടുപറഞ്ഞു:കുബേരൻ ധനപതിയായിരിക്കും. പക്ഷേ ധനം കൊണ്ട് മാത്രം ആർക്കെങ്കിലും സംതൃപ്തിയും സന്തോഷവും ലഭിക്കുമോ? അർത്ഥം (ധനം) അനർത്ഥങ്ങളുടെയെല്ലാം വേരാണ്. അതിനെ മാത്രം പൂജിക്കുന്നവർ ഒരിക്കലും യഥാർത്ഥ ആനന്ദം അനുഭവിക്കുന്നില്ല. രാധാകൃഷ്ണന്റെ വാക്കുകൾ പഴയകാല സുഹൃത്തുക്കളെ അതിശയിപ്പിച്ചു. എല്ലാവരും മണ്ടന്മാരാണ്. പ്രകൃതി തന്ന ഒരു മിന്നാമിനുങ്ങാണ് ബുദ്ധി. ആ പൊരുളെങ്കിലും തിരിച്ചറിയുന്നതുവരെ മരമണ്ടന്മാർ തന്നെ പരമേശ്വരന്റെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു.
(ഫോൺ : 9946108220)