കഥകളുടെ ഗന്ധർവനായ പി.പത്മരാജൻ ഓർമ്മയായിട്ട് 29 വർഷങ്ങൾ പിന്നിടുന്നു. തിരയെയും, മഴയെയും പ്രേമിച്ച പപ്പേട്ടൻ എന്ന കാമുകനെ കാലത്തിന്റെ തിരകൾ മണ്ണിടിച്ച് വീഴ്ത്തി. എങ്കിലും ആ ശൂന്യത ഇന്നും ചിത്രങ്ങൾ വരച്ചിടുന്നു. ഒരിക്കലും മരിക്കാത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ.
1991 ലെ മണ്ണുത്തിയിലെ വെറ്ററിനറി കോളേജിലെ കലാലയകാലം ഓർമ്മ വരുന്നു. സിനിമയും നോവലും കഥയുമൊക്കെ തലയ്ക്ക് പിടിച്ചു നടന്ന കാലം. പപ്പേട്ടനായിരുന്നു അന്ന് കാമ്പസുകളിലെ ആരാധനാമൂർത്തി. നവീനതയുടെ മഞ്ഞുതുള്ളികൾ വീണ ആ സർഗാത്മകത കാമ്പസുകൾ കൊണ്ടാടി. താടിവച്ച ആ രൂപത്തോടും, വട്ടത്തൊപ്പിയോടും താമരയിതൾ പോലെയുള്ള കൺപോളകളോടും നക്ഷത്രദീപ്തിയുള്ള കണ്ണുകളോടും വശ്യതയുള്ള മന്ദഹാസത്തോടും ഏറെ പ്രണയമുണ്ടായിരുന്ന ചെറുപ്പക്കാർ അസംഖ്യമായിരുന്നു. ഒരുപക്ഷേ സിനിമയേക്കാളും പ്രണയം അദ്ദേഹത്തിന്റെ കഥകളോടായിരുന്നു. കഥയിലായാലും സിനിമകളിലായാലും എത്ര അവിശ്വസനീയമായ കഥാപാത്രങ്ങളെയാണ് പത്മരാജൻ സൃഷ്ടിച്ചത്. തകര, തൂവാനത്തുമ്പികളിലെ മണ്ണാർത്തൊടി ജയകൃഷ്ണൻ, സ്നേഹബാധ പോലെ തലമുറകളിലേക്ക് പടർന്നു കയറിയ ക്ലാര, മുന്തിരിത്തോപ്പുകളിലെ പക്വതയുള്ള കാമുകനായ സോളമൻ, ലക്ഷംവീടുകളിലൊന്നിൽ പാർത്തിരുന്ന കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടത്തിലെ മീര അങ്ങനെ എത്രയെത്ര ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.
ഗന്ധർവസംഗമം
ആദ്യമായി പപ്പേട്ടനെ കാണുന്നത് തൃശൂർ മുണ്ടുപാലത്തെ ഞാൻ ഗന്ധർവൻ സിനിമയുടെ ഷൂട്ടിലാണ്. മണ്ണുത്തി വെറ്ററിനറി കോളേജിൽ നാലാം വർഷം പഠിക്കുന്ന കാലം. ഫിലിം & ഫോട്ടോഗ്രാഫി ക്ലബ്ബ് സെക്രട്ടറിയായ നാസറും, സീനിയറായ പ്രദോഷിനോടുമായി ഞാൻ പറഞ്ഞു. പത്മരാജൻ തൃശൂർ മുണ്ടുപാലത്തുണ്ട്. നമുക്ക് കോളേജിലൊരു പ്രഭാഷണത്തിന് ക്ഷണിച്ചാലോ. ഞങ്ങൾ മൂന്നുപേരും അങ്ങനെ മുണ്ടുപാലത്തെത്തി. പൊലീസിന്റെ വിലക്ക് അതിസമർത്ഥമായി ലംഘിച്ച് ഞങ്ങൾ കാട്ടൂക്കാരൻ വീട്ടിലെത്തി. ഗുഡ്നൈറ്റ് മോഹനാണ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ വന്ന് കാര്യം തിരക്കി.
കലാലായത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവരെ കയറ്റിവിടാൻ പപ്പേട്ടൻ പറഞ്ഞത് കേട്ടു. ആകെ ഒരു കുളിരും ഒപ്പം ഭയവും. അടുത്തെത്തിയപ്പോൾ എന്ത് പറയണമെന്നറിയാതെ ഞങ്ങൾ നിന്നു. സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം. കോളേജിൽ നിന്നല്ലേ, ഇരിക്കൂ എന്ന് പപ്പേട്ടൻ. ഞാൻ ഇരുന്നെന്ന് വരുത്തി. പറയൂ, തലകുനിച്ച് സ്ക്രിപ്റ്റിൽ നോക്കി പപ്പേട്ടൻ. ഞാൻ പറയാൻ തുടങ്ങി. സാർ, ഞങ്ങൾ സാറിന്റെ കഥകളുടെ ആരാധകരാണ്. കഥയെന്ന് കേട്ടപ്പോൾ തലകുനിച്ചിരുന്ന പപ്പേട്ടൻ പെട്ടെന്ന് തലയുയർത്തി. ഒടുവിൽ കലാകൗമുദിയിൽ വന്ന ആഴ്ചയറുതി എന്ന കഥ കൂടി വായിച്ചു എന്ന് പറഞ്ഞപ്പോൾ ആ മിഴികൾ കമലദളം പോലെ വിരിഞ്ഞു. 'എഴുതാൻ കഴിയുന്നില്ല. അതാണെന്റെ വിഷമം. സമയം കിട്ടുന്നില്ല ഇപ്പോൾ ഒന്നിനും." പാരിജാതത്തിന്റെ സുഗന്ധമുള്ള ഭാഷയിൽ കഥ കൊരുത്തു വയ്ക്കുന്ന ഗന്ധർവൻ നൊമ്പരം പങ്കുവെച്ചു. പിന്നെ ഞാൻ എടുത്തിട്ടത് 'കോടതിവിധിക്ക് ശേഷം"എന്ന കഥയാണ്. അതിനെ സാഹിത്യ വാരഫലത്തിൽ കൃഷ്ണൻനായർ സാർ വിമർശിച്ചിരുന്നു. ഞാൻ പറഞ്ഞു. 'ഉവ്വോ, ഞാനും അങ്ങനെ അറിഞ്ഞു. എന്റെ സിനിമയിലെ ലിറ്റററി കൺസൾട്ടന്റാണ് കൃഷ്ണൻ നായർ സാർ. എന്താണ് എഴുതിയതെന്ന് അനിയന് ഓർമ്മയുണ്ടോ." പപ്പേട്ടൻ എഴുതുന്നതെന്തും കാണാതെ പഠിച്ചിരുന്ന ഞാൻ ഒരു അവസരമായാണ് അതിനെ കണ്ടത്. സംസാരമൊക്കെ കഴിഞ്ഞ് കലാലയത്തിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'വേണൂ, ഇവർക്ക് നമുക്കൊരു സമയം കൊടുക്കാമോ". 'അയ്യോ, സമയം തീരെയില്ല" എന്ന് വേണു. നാളെ മുതൽ നിളാതീരത്താണ് ഷൂട്ട്. ഒടുവിൽ ഇന്ന് തന്നെ വരാമെന്നായി. അപ്പോൾ സമയം രാവിലെ 11.30. ശരി, നാലുമണിക്ക് നിങ്ങൾ എല്ലാം അറേഞ്ച് ചെയ്തോ. പത്മരാജൻ പറഞ്ഞു. ഞങ്ങൾ തുള്ളിച്ചാടിയാണ് കാട്ടൂക്കാരൻ വീട്ടിൽ നിന്നിറങ്ങിയത്.
കറന്റ് പോയി.. ഫോട്ടോഗ്രാഫറുടെയും...
അഞ്ചു മണിക്ക് പപ്പേട്ടൻ എത്തുമ്പോൾ ഞങ്ങൾ എല്ലാവരേയും ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നിർഭാഗ്യകരമെന്ന് പറയട്ടെ അപ്പോഴേക്കും കറന്റ് പോയി. ഗുഡ്നൈറ്റിന്റെ അംബാസഡർ കാറിൽ നിന്നിറങ്ങി വന്ന പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ എന്നെ തെറി പറഞ്ഞു. അപ്പോഴേക്കും ജനറേറ്റർ എടുക്കാൻ ആൾ പോയിരുന്നു. ഞങ്ങളെല്ലാം വിയർത്ത് കുളിച്ച് നിൽക്കുകയാണ്. പപ്പേട്ടനെ എൻഗേജ് ചെയ്യിക്കുവാൻ എന്നെ ഏൽപിച്ച് എല്ലാവരും പോയി. സൗമ്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. 'പരിപാടിയാകുമ്പോൾ അങ്ങനെയൊക്കെ തന്നെയാണ്. ടെൻഷൻ വേണ്ട." അദ്ദേഹം പറഞ്ഞു. പിന്നെയും അദ്ദേഹം ഏറെ സംസാരിച്ചു. 'എഴുതിവച്ചത് മാറ്റുന്നയാളല്ല ഞാൻ. എന്റെ മാനസികാവസ്ഥയാണ് തിരക്കഥയിൽ ഞാനെഴുതുന്നത്. ആ മാനസികാവസ്ഥ ഷൂട്ടിംഗ് സമയത്ത് വീണ്ടും ആശ്രയിക്കേണ്ടി വരും. അതൊരു രണ്ടാം ജന്മമായി തോന്നും." പപ്പേട്ടൻ പറഞ്ഞു. (പിന്നീട് പ്രൊഡ്യൂസറായ മോഹൻ ചിത്രത്തിലും പാട്ടുകളിലുമൊക്കെ ചില മാറ്റങ്ങൾ വരുത്തണമെന്ന് നിർബന്ധിച്ചപ്പോഴും പപ്പേട്ടൻ സമ്മതിച്ചില്ല. ഒടുവിൽ സംഗീത സംവിധായകൻ ജോൺസൺ മാഷ് ഇടപെട്ടിട്ടാണ് മോഹനെ തിരുത്തിയത്). പരിപാടി കഴിഞ്ഞപ്പോൾ രാത്രി ഏഴു മണി. അന്ന് മണ്ണുത്തിയിൽ ഉണ്ടായിരുന്ന ഒറ്റ സ്റ്റുഡിയോയിലേക്ക് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. പപ്പേട്ടനോടൊപ്പമുള്ള ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ അയാൾ കല്യാണത്തിന് ചിത്രമെടുക്കുന്നതുപോലെ പപ്പേട്ടന്റെ ഷർട്ടിൽ പിടിച്ച് നടുക്കോട്ട് മാറ്റി നിർത്തി. അപ്പോൾ ഒരു നോട്ടം നോക്കി. നോട്ടത്തിന്റെയും ശ്വാസത്തിന്റെയും അളവൊക്കെ കൃത്യമായി തിരക്കഥയിലെഴുതുന്ന പപ്പേട്ടന്റെ ആ നോട്ടം കണ്ട് ഫോട്ടോഗ്രാഫറുടെയും 'കറന്റ് പോയി".
പൂമ്പാറ്റയുടെ ഇന്ദ്രജാലം
ഈ ഭൂമിയിലെ പൂക്കളും ഭൂമിയിലും തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ വർണശലഭമായിരുന്നു പത്മരാജൻ എന്ന് തോന്നിയിട്ടുണ്ട്. കഥ പറഞ്ഞ് തന്ന് കഥപറഞ്ഞ് തന്ന് എന്നെ കഥ പറച്ചിലുകാരനാക്കി മാറ്റിയ എന്റെ അമ്മ ഞവരക്കൽ ദേവകിയമ്മയ്ക്ക് എന്നൊക്കെ ആമുഖമെഴുതി എല്ലാ കഥകളും സമർപ്പിക്കുമ്പോഴും ആ മടിയിൽ കിടന്ന് കഥകൾ കേട്ട് വിസ്മയിക്കുന്ന കുട്ടിയുടെ മനസായിരുന്നു ആ എഴുത്തെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകരെല്ലാം രക്തം രക്തത്തെ തിരിച്ചറിയുന്ന ഒരു നിശബ്ദ പ്രക്രിയ അനുഭവിക്കുന്നവരാണ് എന്നും തോന്നിയിട്ടുണ്ട്. പുഴുവിനെ പൂമ്പാറ്റയാക്കുന്ന ഇന്ദ്രജാലമാണ് പി.പത്മരാജൻ എന്ന എഴുത്തുകാരന്റെ ക്രാഫ്റ്റ്. അത് തിരക്കഥയിലായാലും കഥയിലായാലുമൊക്കെ അനുഭവിക്കാവുന്നതേയുള്ളു. മനുഷ്യാത്മാക്കളുടെ സങ്കീർത്തനമായിരുന്നു ആ കഥാലോകം. മനസിന്റെ ശൂന്യമായ ജലാശയങ്ങളിൽ പലകുറി മുങ്ങിത്തപ്പുമ്പോൾ മുത്തുകൾക്ക് പകരം കനൽക്കല്ലുകൾ കിട്ടുന്ന മനുഷ്യരെ അതിൽ കാണാം.
അരൂപിയായ ഗഗനചാരി
ഗന്ധർവന് ദുർനിമിത്തങ്ങളായിരുന്നു എന്നും. ഷൂട്ട് തുടങ്ങിയപ്പോൾ മുതൽ അത് ആരംഭിച്ചു. യക്ഷനും, കിന്നരനും, ഗന്ധർവനുമൊക്കെ ഇതിഹാസങ്ങളിൽ ഉറങ്ങുന്നവരാണ്. അഥർവ വേദത്തിലെ 6333 ഗന്ധർവന്മാർക്ക് മരണമില്ല, പുനർജന്മമില്ല, പ്രത്യുല്പാദന ശേഷിയുമില്ല. മദ്യവും സുന്ദരികളായ പെൺകുട്ടികളെയുമാണ് അവർക്ക് ദേവലോകത്തിൽ വേണ്ടത്. അവരെ ഭൂമിയിൽ ഇറക്കി കൊണ്ട് വരരുത്. അവരെക്കുറിച്ച് പടമെടുക്കരുത് എന്ന ഉപദേശങ്ങൾ പപ്പേട്ടൻ കേട്ടിരുന്നില്ല. ധനുമാസത്തിൽ വിരിയുന്ന പാലപ്പൂവിന് പകരം തൃശൂർ പൊലീസ് അക്കാഡമിയിലും, അടാട്ട് മനയിലുമൊക്കെ (ചിത്രീകരണം നടന്ന ഇടങ്ങൾ) തെർമോക്കോളിൽ രാജീവ് അഞ്ചൽ പാലപ്പൂ തീർത്തപ്പോഴും പലരും തിരുത്തുവാൻ വന്നു. അതൊന്നും കേട്ടില്ല. മണ്ണിൽ മുഹമ്മദിനോട് പറഞ്ഞ കഥ നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ ചോദിച്ചപ്പോൾ തന്നെ മുഹമ്മദിന് കഷ്ടകാലങ്ങൾ ആരംഭിച്ചിരുന്നു എന്നാണ് പിന്നീട് കേട്ടത്. കണ്ണ് കൊണ്ട് പിടിക്കുന്ന ഒരാൾ വേണം. ഒരു കുസൃതിപ്പുഞ്ചിരി ചുണ്ടിലൊളിപ്പിക്കാനുള്ള കഴിവ് വേണം അതായിരിക്കണം ഗന്ധർവനെന്ന് പപ്പേട്ടൻ പറഞ്ഞപ്പോഴാണ് ദൂരദർശനിലെ മഹാഭാരതത്തിലെ കൃഷ്ണനായി വന്ന നിതീഷ് ഭരദ്വാജിനെ കൊണ്ടുവരാമെന്ന് മോഹൻ ഏറ്റത്.
1991 ജനുവരി 11 ന് തൃശൂർ സ്വപ്ന തിയറ്ററിലാണ് ഞാൻ ഗന്ധർവൻ സിനിമ കാണുന്നത്. ഞങ്ങളുടേത് കൂടിയുള്ള ചിത്രമായാണ് അതിനെ കണ്ടത്. രാക്കാറ്റിൽ പാലപ്പൂ മണം ഒഴുകിയെത്തുന്ന ഒരു ധനുമാസത്തിലായിരുന്നു റിലീസ്. നരേന്ദ്രപ്രസാദിന്റെ ശബ്ദത്തിൽ കേട്ട അശരീരി പോലെ ചന്ദ്രസ്പർശമുള്ള രാത്രികളിൽ ഇനി നീയില്ല, സൂര്യസ്പർശമുള്ള പകലുകളിലും എന്ന വരികൾ നൊമ്പരമായി മനസിൽ നിറച്ച് കിടന്നുറങ്ങിയ കാലം. ജനുവരി 24 ന് രാവിലെ ഉറക്കച്ചടവിൽ ഹോസ്റ്റലിലെ ടേബിൾ ടെന്നീസ് കോർട്ടിൽ കിടക്കുന്ന പത്രങ്ങളിലൂടെ കണ്ണോടിക്കവെ ഇന്ത്യൻ എക്സ്പ്രസിൽ കണ്ടു ആ വിയോഗ വാർത്ത. കാറ്റെടുത്തു പോയ ഒരു മേഘക്കീറ് പോലെ കടൽവിഴുങ്ങിയ കരത്തരി പോലെ ഹൃദയം നുറുങ്ങിയ ആഘാതമായിരുന്നു മനസിൽ.
പിന്നീട് കേട്ടത്, മുതുകുളത്തെ വീട്ടിൽ ചിതയെരിഞ്ഞ് തീർന്നു. തിരിച്ചുള്ള യാത്രയിൽ ഗാന്ധിമതി ബാലനും, ഗുഡ്നൈറ്റ് മോഹനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഡ്രൈവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലനും, മോഹനും, കഷ്ടിച്ച് രക്ഷപെട്ടു. വിലാപയാത്രയായി ഭൗതികശരീരം കൊണ്ടുവരുന്ന വഴിയിൽ എറണാകുളം വരെ നിതീഷ് ഭരദ്വാജ് ഉണ്ടായിരുന്നു. പിന്നീട് ബോംബെയ്ക്ക് പോയി. പൂനെയിൽ വച്ച് നിതീഷിനും അപകടമുണ്ടായി.
(ലേഖകന്റെ ഫോൺ:9847111827)