ഇരുപതാം നൂറ്റാണ്ടിലെ ആദ്യ നാല് ദശകങ്ങൾ വരെ തെക്കൻ കേരളത്തിലെ വൈജ്ഞാനിക സാംസ്കാരിക- സാമൂഹ്യാകാശങ്ങളിൽ സ്ഫുടതാരകമായി ജ്വലിച്ച് നിന്ന അസാമാന്യ പ്രതിഭാശാലിയായ കായിക്കര ഗോവിന്ദൻ വൈദ്യർ സമകാലിക ചിന്താലോകത്ത് പിന്നീട് വിസ്മൃതനായിപ്പോയി. സംസ്കാരികമായി പ്രബുദ്ധമായ ചിറയിൻകീഴ് - കായിക്കര - വർക്കല പ്രദേശങ്ങളിലായിരുന്നു ഈ ആജന്മപ്രതിഭയുടെ തുടക്കവും വളർച്ചയും ഒടുക്കവും. വ്യാപരിച്ച കർമ്മരംഗങ്ങളിലെല്ലാം ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ആ കർമ്മധീരൻ എല്ലാരംഗങ്ങളിലും തനതായ കാഴ്ചപ്പാടോടെ സ്വതന്ത്രനായി പോരാടി. കേരളീയ വൈജ്ഞാനിക ജീവിതം ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യജീവിത രീതിയുടെയും തള്ളിക്കയറ്റത്തോടെ കാലക്രമത്തിൽ പുതിയദിശകളിലേക്ക് കടന്നുകയറിയപ്പോൾ സ്വാഭാവികമായും സംസ്കൃതപഠനാധിഷ്ഠിതമായ വിജ്ഞാന പ്രവർത്തനങ്ങളുടെ വ്യാപ്തിയും സ്വാധീനവും കുറഞ്ഞതാവാം തുടർന്നുവന്ന ദശകങ്ങളിൽ ഗോവിന്ദൻ വൈദ്യരെപ്പോലുള്ള മഹാ മനീഷികൾ മറക്കപ്പെടാനിടയായത്. ജി. പ്രിയദർശനൻ രചിച്ച 'അഭിനവ വാഗ്ഭടൻ കായിക്കര പി.എം. ഗോവിന്ദൻ വൈദ്യർ" എന്ന പ്രൗഢമായ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറങ്ങളിലൂടെ താല്പര്യപൂർവ്വം സഞ്ചരിച്ചപ്പോൾ ഈ മറവി കേരളീയ വൈജ്ഞാനികലോകത്തിന് മനഃപൂർവമല്ലാതെ വരുത്തിവച്ച വലിയ നഷ്ടത്തെപ്പറ്റി ഞാൻ ഓർത്തുപോയി.
ശ്രീബുദ്ധനിൽ നിന്നാരംഭിച്ച് ശ്രീനാരായണഗുരുവിലൂടെ വികസ്വരമായ മഹാജ്ഞാനസംസ്കൃതിയുടെ ഉപാസകനായിരുന്നു ഗോവിന്ദൻ വൈദ്യർ. പ്രകൃതിസ്നേഹത്തിൽ നിന്ന് ഉദ്ഭിന്നമായ ആയുർവേദശാസ്ത്രം ബുദ്ധമതത്തിന്റെ അനർഘമായ സംഭാവനയാണല്ലോ. ബുദ്ധമത തത്വങ്ങൾ സാർവത്രികമായി സ്വീകരിച്ചിരുന്ന കേരളം സ്വാഭാവികമായും ആയുർവേദത്തെ ഉൾക്കൊള്ളുകയും കേരളീയ പശ്ചാത്തലത്തിൽ അതിനെ വളർത്തുകയും ചെയ്തു. ഭൂവന പ്രശസ്തരായ ആയുർവേദാചാര്യന്മാരുടെ നാടായി കേരളം അറിയപ്പെട്ടു. വാഴുന്നവരായി വിലസി നടന്ന മാടമ്പികളാൽ അക്ഷരലോകത്തുനിന്നും അകറ്റപ്പെട്ട ഈഴവർ, മഹാമനസ്കരായ ചില ഗുരുക്കന്മാരെ ആശ്രയിച്ച് സ്വകാര്യമായി ഈ വേദം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 'ഈഴവർക്ക്" വിദ്യ നിഷേധിച്ചിരുന്ന കറുത്ത നാളുകളിൽ ഒട്ടനവധി ആദരണീയരായ സംസ്കൃത പണ്ഡിതന്മാരും മഹാവൈദ്യന്മാരും കവികളും മികച്ച വാഗ്മികളും ഗുരുക്കന്മാരും ആ സമൂഹത്തിൽ എങ്ങനെയുണ്ടായി എന്ന ചോദ്യം നമ്മുടെ സാമൂഹ്യചരിത്രത്തിൽ ഉയർന്നു നിൽക്കുന്നു. കടുത്ത യാഥാസ്ഥിതികനായിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ, 'കവിഭാരതം" പരിഷ്ക്കരിക്കാനൊരുങ്ങിയപ്പോൾ ആ രചനയിൽ വിട്ടുപോയ പ്രശസ്തകവികളായ ശ്രീനാരായണഗുരു, വെളുത്തേരിയിൽ കേശവൻ വൈദ്യർ, പെരുനെല്ലി കൃഷ്ണൻ വൈദ്യർ,സരസകവി മൂലൂർ തുടങ്ങി നൂറോളം ഈഴവകവികളെ മനഃപൂർവം ഒഴിവാക്കിയതിലുള്ള രോഷം മൂലമാണ് ധീരനായ മൂലൂർ കവി രാമായണം രചിച്ച് അവർക്കെല്ലാം അർഹമായ പദവി നൽകി പ്രതികരിച്ചത്.
82 വർഷം മുൻപ് അന്തരിച്ച വൈദ്യർ ആയുർവേദ സമുത്സരണത്തിന് കഠിനമായി യത്നിക്കുകയും അഭിനവ വാഗ്ഭടൻ എന്ന പദവിക്ക് സർവതാ അർഹത നേടുകയും ചെയ്തെങ്കിലും ജീവചരിത്രകാരൻ ചൂണ്ടിക്കാണിച്ചപോലെ ആയുർവേദ ചരിത്രത്തിൽ മലയാളികളുടെ സംഭാവനകളെപ്പറ്റി ലേഖനമെഴുതിയവരും പുസ്തകമാക്കിയവരും ബോധപൂർവമായോ അല്ലാതെയോ പി.എം. ഗോവിന്ദൻ വൈദ്യരുടെ പേര് വിട്ടുപോയി." ഈ തമസ്കരണത്തെ മറികടന്ന് കൊണ്ട് വൈദ്യരുടെ ഊർജ്ജസ്വലമായ പൂർണസത്വം പ്രകാശിപ്പിക്കാൻ ഈ വൈകിയവേളയിലെങ്കിലും മുന്നോട്ട് വന്ന ഇടയ്ക്കുടി കുടുംബട്രസ്റ്റും പ്രമുഖ അഭിഭാഷകനും ഗ്രന്ഥപ്രകാശകനും ആയി എം. കബാല ഗോവിന്ദനും അഭിനന്ദനം അർഹിക്കുന്നു. ഗ്രന്ഥകാരനായ ജി. പ്രിയദർശനൻ സമഗ്രമായ ഗവേഷണവും ഗാഢമായ പഠനവും നടത്തി വൈദ്യരുടെ ബഹുമുഖവ്യക്തിത്വം തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മറഞ്ഞ് കിടന്ന വിലപിടിച്ച പല വിവരങ്ങളും തേടിപ്പിടിച്ച് ജാഗ്രതയോടെ ഇതിൽ അദ്ദേഹം ഉൾപ്പെടുത്തി. വൈദ്യലോകവും സാഹിത്യകുളകികളും സാമൂഹ്യപ്രവർത്തകരും മനസിരുത്തി പഠിക്കേണ്ടകൃതിയാണിത്. ഇരുളിലാണ്ടുപോകുമായിരുന്ന അറിവിന്റെ എത്രയോ വൈഡൂര്യങ്ങൾ വർക്കല മുട്ടപ്പലം കലാപൂർണ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില: ₹300