മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഗോഡ്ഫാദർ. തിയേറ്ററിൽ ഏറ്റവും അധികം ദിവസം പ്രദർശിപ്പിക്കപ്പെട്ട സിനിമയെന്ന ഗോഡ്ഫാദറിന്റെ റെക്കോർഡ് മറികടക്കാൻ ഇതുവരെയ്ക്കും മറ്റൊരു മലയാള ചിത്രത്തിന് കഴിഞ്ഞിട്ടില്ല. പിന്നെയും പലതവണ ഹിറ്റുകൾ ഒരുക്കിയ സിദ്ദിഖ് ലാൽ എന്ന വിജയജോഡികളുടെ തുടർന്നുള്ള സഞ്ചാരം രണ്ടുവഴികളിലൂടെയായി. ലാൽ മികച്ച നടനായപ്പോഴും സിദ്ദിഖിന് പ്രിയം സംവിധായകന്റെ കുപ്പായത്തോടു തന്നെയായിരുന്നു. മോഹൻലാൽ നായകനായ തന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിദ്ദിഖ്.
മോഹൻലാലുമായി വീണ്ടും ഒന്നിക്കുമ്പോൾ നൽകുന്ന പ്രതീക്ഷ എന്താണ് ?
ലാൽ ഒരു പിടി കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നു. മമ്മൂക്കയും ലാലും ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്നാണ് എനിക്കു തോന്നുന്നത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഉണ്ടാക്കി എടുക്കുക എന്നു പറയുന്നത് ഒരു വലിയ ചലഞ്ചാണ്. ആ ഒരു അന്വേഷണത്തിനിടയിലാണ് ഇങ്ങനൊരു കാരക്ടർ വീണു കിട്ടുന്നത്. ഇതു ചെയ്യാൻ ലാലിന് മാത്രമേ കഴിയുകയുള്ളു എന്ന് ചിന്തിക്കുന്നിടത്തു നിന്നാണ് ബിഗ് ബ്രദർ ആരംഭിക്കുന്നത്. അമ്മ ഷോയ്ക്കിടയിലാണ് ലാലിനോട് കഥ പറയുന്നത്. വൺ ലൈൻ പറഞ്ഞപ്പോൾ തന്നെ ലാലിന് ഇഷ്ടമായി. ഇതിലെ ലാലിനെ പ്രേക്ഷകർ ആദ്യമായിട്ടായിരിക്കും കാണുന്നത്. പ്രേക്ഷകൻ എപ്പോഴും മോഹൻലാൽ എന്ന നടനിൽ നിന്ന് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ട്. ആ താത്പര്യത്തെ മുൻനിർത്തി കൊണ്ടുള്ള സിനിമയാണ് ബിഗ് ബ്രദർ.
വിയറ്റ്നാം കോളനിയിൽ നിന്ന് ബിഗ് ബ്രദറിലെത്തി നിൽക്കുമ്പോൾ മോഹൻലാൽ എന്ന സുഹൃത്തിന് സംഭവിച്ച മാറ്റം?
ലാലിന്റെ ബേസിക് കാരക്ടറിന് ഒരു മാറ്റവും വന്നിട്ടില്ല. വിയറ്റ്നാം കോളനിയിൽ അഭിനയിക്കുമ്പോഴുള്ള ലാലിന്റെ ഇമേജല്ല ഇപ്പോഴുള്ളത്. മലയാള സിനിമയിൽ തന്നെ ഏറ്റവും കൊമേഴ്സ്യൽ വാല്യുവുള്ള താരമാണ് മോഹൻലാൽ. പക്ഷേ ഇതൊന്നും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ സ്വഭാവത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇമേജും വർക്കിംഗ് സ്റ്റൈലുമൊക്കെ മാറിയിട്ടുണ്ടെങ്കിലും സ്വഭാവത്തിൽ ലാലിന് ഒരു മാറ്റവുമില്ല. ഇപ്പോഴും ആദ്യ സിനിമയിൽ അഭിനയിക്കുന്ന ത്രില്ലാണ് ലാലിന്. അതു തന്നെയാണ് എല്ലാ നടന്മാർക്കും വേണ്ടത്. മടുപ്പ് വരരുത്. ചെയ്യുന്ന ജോലിയോട് മടുപ്പ് വന്നാൽ എല്ലായിടത്തും അത് പ്രതിഫലിക്കും.
കൈയിലെ പരിക്കുമായി മോഹൻലാൽ ഫൈറ്റ് ചെയ്തത് വാർത്തയായല്ലോ?
വിദേശത്ത് കുടുംബവുമായുള്ള യാത്രയ്ക്കിടെ പറ്റിയതാണത്. ഷൂട്ടിനിടയിൽ ആദ്യമൊന്നും ലാൽ ഞങ്ങളെ അത് അറിയിച്ചില്ല. ചെറിയ വേദനയല്ലേ ഉള്ളൂ എന്ന് പറഞ്ഞു ഫൈറ്റ് ചെയ്തു. കൈയിലെ പരിക്കും വച്ചു കൊണ്ട് നാലു ദിവസമാണ് ഫൈറ്റ് ചെയ്തത്. അത് നിസാര കാര്യമല്ല. ഇങ്ങനൊന്നും ചെയ്യരുതേ ലാലേട്ടാ എന്ന് അനൂപ് എഴുതിയത് അതുകൊണ്ടാണ്. എനിക്കു സുഖമില്ല ഷൂട്ടിംഗ് നിർത്തിവയ്ക്ക് എന്ന് വേണമെങ്കിൽ ലാലിനു പറയാം. ഓപ്പറേഷന് വേണ്ടി പോകുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഞങ്ങൾ പോലും മനസിലാക്കുന്നത്. ഒന്നു പറഞ്ഞിരുന്നെങ്കിൽ ഷൂട്ടിംഗ് നിറുത്തി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഹേയ്... നിറുത്തിവച്ചാൽ നമ്മുടെ റിലീസൊക്കെ മാറ്റി വയ്ക്കണ്ടേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.
അർബാസ് ഖാനിലേക്കെത്തിയത്?
ഒരു നോർത്ത് ഇന്ത്യൻ പൊലീസ് ഓഫീസറുടെ വേഷമാണ് അർബാസ് ഇതിൽ ചെയ്യുന്നത്. നോർത്ത് ഇന്ത്യൻ ആക്ടർ തന്നെ അതിന് വേണമെന്ന് ആലോചിച്ചപ്പോൾ അർബാസ് ഖാൻ ചെയ്താൽ നന്നായിരിക്കും എന്ന അഭിപ്രായം വന്നു. അർബാസിനെ നേരത്തെ തന്നെ എനിക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണ് പുള്ളിയെ വിളിക്കുന്നത്. പരിചയം മുതലെടുക്കുകയാണെന്ന് തോന്നരുതേ എന്ന മുഖവുരയോടെയാണ് സംസാരിച്ചത്. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, ഇതു ഞാൻ ചെയ്യും എന്നായിരുന്നു അർബാസിന്റെ മറുപടി. മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു. അത് ബിഗ് ബ്രദറിലൂടെ നടക്കുകയും ചെയ്തു.
നടനായ ലാലിനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കാൻ സിദ്ദിഖിന് ഫുക്രി വരെ സമയമെടുക്കേണ്ടി വന്നല്ലോ?
ഫുക്രിക്ക് മുമ്പ് ക്രോണിക്ക് ബാച്ചിലർ തമിഴിൽ 'എങ്കൾ അണ്ണെ" എന്ന പേരിൽ മൊഴി മാറ്റിയപ്പോൾ ലാൽ പ്രധാന വേഷം ചെയ്തിരുന്നു. പ്രധാനമായിട്ടും കഥാപാത്രങ്ങൾ ഉണ്ടായതിനു ശേഷം മാത്രമാണ് ഞാൻ എപ്പോഴും ആർട്ടിസ്റ്റുകളിലേക്ക് എത്തുക. ലാലിനെ അഭിനയിപ്പിക്കണം എന്നുപറഞ്ഞു കൊണ്ട് ഞാനിതുവരെ ഒരു കാരക്ടർ ആലോചിച്ചിട്ടില്ല. ഓരോ സിനിമ കഴിയുമ്പോഴും അടുത്തത് ആരായിരിക്കും എന്നതു മാത്രമായിരിക്കും മനസിൽ.
മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ ആനപ്പാറ അച്ചാമ്മയെ ഫിലോമിനയ്ക്ക് സമ്മാനിച്ചത് സിദ്ദിഖ് ലാലാണ്. ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങിയവരുടെ കാര്യവും അങ്ങനെ തന്നെ. പുതിയൊരു കഥ മനസിലേക്ക് വരുമ്പോൾ ഇവരുടെയൊക്കെ അഭാവം അനുഭവപ്പെടാറുണ്ടോ?
പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ കഥാപാത്രം ചെയ്യാൻ നമുക്കിപ്പോൾ ആളില്ലല്ലോ എന്ന് പല അവസരങ്ങളിലും തോന്നിയിട്ടുണ്ട്. ഉദാഹരണമായിട്ട് കൊച്ചിൻ ഹനീഫ. ഹനീഫ്ക്കയെ എപ്പോഴും മിസ് ചെയ്യാറുണ്ട്. ഇന്നസെന്റ് ചേട്ടന്റെ പഴയ ആ വേഗത, കാരണവരെ സങ്കൽപ്പിക്കുമ്പോൾ മനസിൽ വരുന്ന ശങ്കരാടിച്ചേട്ടൻ, ഫിലോമിന ചേച്ചി അങ്ങനെ പലരും മനസിലേക്ക് ഓടി എത്താറുണ്ട്. അതുപോലെയൊക്കെയുള്ള ആർട്ടിസ്റ്റുകൾ ഇന്നുണ്ടാകാം, പക്ഷേ നമുക്ക് പരിചിതമല്ലല്ലോ?
അഭിനേതാവായ ലാലിന്റെ വഴിയിൽ ഇനി എന്നാണ് സിദ്ദിഖ് സഞ്ചരിക്കുക?
അഭിനയം എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ അഭിനയിക്കുന്നതിനേക്കൾ മറ്റൊരാളെ കൊണ്ട് അഭിനയിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അതിലാണ് എന്റെ ത്രില്ല് ഞാൻ കണ്ടെത്തുന്നത്. റാഫി മെക്കാർട്ടിനടക്കം പലരും അവരുടെ സിനിമകളിലേക്ക് നിർബന്ധിച്ചതാണ്. ഇതുവരേയ്ക്കും അഭിനയിക്കാൻ തോന്നിയിട്ടില്ല എന്നതാണ് സത്യം.