റബയ്ക്ക് പറയാനേറെയുണ്ട്. ഓർക്കാപ്പുറത്താണ് സിനിമയിലേക്ക് വന്നത്. പാട്ടും നൃത്തവുമൊക്കെ അറിയാമായിരുന്നെങ്കിലും അഭിനയം അത്ര പിടിയുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ആ ടെൻഷനൊക്കെ മാറി. ഓരോ കഥാപാത്രത്തെയും മനസിലാക്കി ഉൾകൊണ്ടാണ് അഭിനയം, റീബ മോണിക്കാ ജോണിന്റെ വിശേഷങ്ങൾ...
സിനിമയിൽ വന്നത്
ഞാൻ ജനിച്ചത് പാലായിലാണ്. വിദ്യാഭ്യാസവും മറ്റും ബാംഗ്ളൂരിലായിരുന്നു. പപ്പയ്ക്ക് കസ്റ്റംസ് സെൻട്രൽ എക്സൈസിലായിരുന്നു ജോലി. ഇന്ത്യയിലെങ്ങും പപ്പയുടെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് കറങ്ങി. നാലുവർഷം മുമ്പ് പപ്പ മരിച്ചു. പിന്നീട് ബാംഗ്ളൂരിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്സിസിറ്റിയിൽ നിന്ന് പി.ജിയും കഴിഞ്ഞു. മിടുക്കി എന്ന ടി.വിഷോയിൽ നിന്നാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിലേക്ക് വരുന്നത്. മിടുക്കിയിൽ സെക്കന്റ് റണ്ണറപ്പായിരുന്നു. എന്റെ അങ്കിൾ പരസ്യ ഏജൻസിയിലായിരുന്നു. പിന്നീട് കുറെ പരസ്യങ്ങൾ ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിലേക്ക് വിളി വരുന്നത്. നിവിൻ പോളി പ്രേമം ചെയ്ത് തിളങ്ങി നിൽക്കുമ്പോഴാണ് എന്റെ വരവ്. മാത്രമല്ല വിനീത് ശ്രീനിവാസനെ ഒന്ന് കാണണമെന്നുമുണ്ടായിരുന്നു. ഒന്നും ആലോചിച്ചില്ല. യെസ് പറഞ്ഞു. നിവിൻ പോളിയുടെ ഒരു ഫാനായ എനിക്ക് നായികയായി അഭിനയിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ്. നിവിൻ അഭിനയത്തിൽ ഒരുപാട് സഹായിച്ചു. സംവിധായകന്റെ ജാഡയൊന്നുമില്ലാതെ വിനീതും പെരുമാറി. ഇവരെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല.
വിജയ്യുടെ കൂടെ
മലയാളം കഴിഞ്ഞ് നേരെ പോയത് തമിഴിലേക്കാണ്. ജാരുഗന്ധിയാണ് ആദ്യ സിനിമ. ജയ്യുടെ കൂടെ. അത് കഴിഞ്ഞ് ബിഗിൽ. ബിഗിലാണ് എന്റെ സിനിമാ ജീവിതം മാറ്റിയെഴുതിയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രത്തെയാണ് ബിഗിലിൽ ലഭിച്ചത്. ഫുട് ബാൾ എന്തെന്ന് പോലും അറിയാത്ത ഞാൻ അതിൽ അഭിനയിച്ചു. വലിയൊരു അനുഭവമായിരുന്നു. വിജയ്യുടെ പടത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നത് എനിക്ക് ഇഷ്ടമുളള കാര്യമല്ലായിരുന്നു. അതുകൊണ്ട് നിരന്തരമായി ഇതേക്കുറിച്ച് എനിക്ക് പഠിക്കേണ്ടി വന്നു. ഇതേവരെ കാസ്റ്റ് ചെയ്യാത്ത രംഗം ഞാൻ തിരഞ്ഞെടുത്തു. അനിതയെന്ന കഥാപാത്രത്തെ മനോഹരമാക്കാൻ എനിക്ക് കഴിഞ്ഞുവെന്ന തോന്നലാണുള്ളത്. ഒരു സിനിമയുടെ മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്ന വ്യക്തിയാണ് വിജയ്. ഒാരോ രംഗവും എങ്ങനെ ചെയ്യണമെന്ന് വിജയ് പറഞ്ഞ് തരുമായിരുന്നു. കന്നഡയിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. സകലകലാ വല്ലഭ. അത് ഉടൻ റിലീസ് ആകും. റിഷിയുടെ കൂടെയാണ് അഭിനയിച്ചത്.നാനും റൗഡിതാൻ എന്ന തമിഴ് സിനിമയുടെ റീ മേക്കാണിത്. നയൻതാര ചെയ്ത റോളാണ് ഞാൻ ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രം.നയൻ താര ചെയ്ത ഒരു റോൾ എനിക്ക് ലഭിച്ചത് തന്നെ വലിയൊരു നേട്ടമായി കാണുന്നു. തെലുങ്ക് ഭാഷ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ചെയ്തു. നിരവധി ഒാഫറുകൾ ഇതിനകം തന്നെ തെലുങ്കിൽ നിന്ന് വന്നിട്ടുണ്ട്. കഥയും കഥാപാത്രത്തെയും മനസിലായാൽ ഭാഷ ഒരു പ്രശ്നമല്ലെന്ന് എനിക്ക് വിശ്വാസമുണ്ട്.
ജീവിതം അപ്പാടെ മാറി
സിനിമ ഞാൻ അധികമൊന്നും കണ്ടിട്ടില്ല. വല്ലപ്പോഴും പോകും. അത്രമാത്രം. എന്നാൽ ഇപ്പോൾ സിനിമ എല്ലാം ശ്രദ്ധിക്കണമെന്ന് വന്നിരിക്കുന്നു. സിനിമ എന്തെന്നറിയില്ല, അഭിനയം എന്തെന്നറിയില്ല. അങ്ങനെയുളള ഞാനൊരു സിനിമ നടിയായി.അതും വിവിധ ഭാഷകളിൽ. അക്കാഡമിക് കാര്യങ്ങളിൽ മാത്രം മുഴുകിയതായിരുന്നു എന്റെ ഇന്നലെകൾ. ടൊവിനോയുടെ കൂടെ അഭിനയിച്ച ഫോറൻസിക് എന്ന സിനിമ അടുത്ത മാസം റിലീസ് ആകാനുണ്ട്. എഫ്. ഐ. ആർ എന്ന സിനിമ തമിഴിലും ചെയ്യുന്നുണ്ട്. വിഷ്ണു വിശാലിന്റെ കൂടെ. മലയാളി സംവിധായകനാണ് ഇത് ചെയ്യുന്നത്.അണിയറയിൽ ഭൂരിപക്ഷം പേരും മലയാളികൾ തന്നെ.മറ്റൊരു തമിഴ് ചിത്രവും റിലീസ് ആകാനുണ്ട്. മൊത്തം എട്ട് ചിത്രങ്ങളാണ് ഇനി വരാനുള്ളത്.
ഭക്ഷണത്തിൽ നിയന്ത്രണമുണ്ടോ?
അങ്ങനെയൊന്നും ഇല്ല. എന്തും കഴിക്കും. ഇതേവരെ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. വ്യായാമം ചെയ്യാറുണ്ട്.എവിടെപ്പോയാലും നന്നായി കഴിക്കും.കോഴിക്കോട് ബിരിയാണി ഇഷ്ടമാണ്. നാടൻ ഭക്ഷണം എനിക്ക് ഏറെ ഇഷ്ടമാണ്.കപ്പ,ചക്ക, മത്തി....എല്ലാം.