അച്ചാർ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഉപയോഗം അമിതമായാൽ വൃക്കയുടെ ഹൃദയത്തിന്റെയും നില അപകടത്തിലാകും. അച്ചാറിൽ ഉയർന്ന അളവിലുള്ള ഉപ്പ്, എണ്ണ എന്നിവയാണ് വില്ലന്മാരാകുന്നത്.
അമിതമായ അളവിൽ അച്ചാർ അകത്താക്കുന്നവരുടെ വൃക്കയുടെ അദ്ധ്വാനഭാരം കൂടുന്നു. വൃക്കയുടെ പ്രാഥമിക ധർമം എന്നത് ശരീരത്തിന്റെ അരിപ്പയായി പ്രവർത്തിക്കുകയാണെന്ന് അറിയാമല്ലോ. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നിലനിറുത്തുന്ന വൃക്ക ആവശ്യമില്ലാത്തവയെ പുറന്തള്ളുകയാണ് ചെയ്യുന്നത്. അച്ചാറിലെ അമിതമായ ഉപ്പ് കാരണം രക്തസമ്മർദ്ദം ഉയരുന്നതോടെ ഇത് നിയന്ത്രിക്കാനായി വൃക്കയ്ക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരികയാണ്. ഭാവിയിൽ കിഡ്നിരോഗം വരണ്ടേന്നാണ് ആഗ്രഹമെങ്കിൽ അച്ചാറിനെ ദൂരെ നിറുത്തിക്കോളൂ. അച്ചാറിൽ ഉപ്പിന്റെ അമിതമായ അളവ് രക്തസമ്മർദം ഉയർത്തുകയും ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിക്കുകയും ചെയ്യും. ഒപ്പം കൊളസ്ട്രോൾ ലെവൽ ഉയർത്തിയും ഹൃദയത്തെ കെണിയിലാക്കും. അച്ചാറിൽ അമിതമായുള്ള വിനാഗിരിയും ദോഷം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.