prince-harry-meghan

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാഥാസ്ഥിതിക പ്രൗഢിയിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് പറക്കാൻ ഹാരി രാജകുമാരനും ഭാര്യ മേഗനും കൊട്ടാരത്തിലെ ‘സീനിയർ അംഗങ്ങൾ' എന്ന പദവി ഉപേക്ഷിച്ചു. രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്പതികള്‍ കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനം.

ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി. തന്റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വവ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.

'മാസങ്ങളോളം ആലോചിച്ചാണ് തീരുമാനം എടുത്തത്. രാജകീയ ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞ് സാമ്പത്തികമായി സ്വാതന്ത്രനാകാനാണ് തീരുമാനം. ഇനി അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിതം ചെലവഴിക്കും. മകൻ ആർച്ചിയെ രാജകീയ പാരമ്പര്യത്തിൽ വളർത്തും. '- ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു.