കൊച്ചി: കേരളത്തിൽ വർദ്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാർദത്തെ അപകടപ്പെടുത്തുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം. സിറോ മലബാർ സഭയുടെ പള്ളികളിൽ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. എന്നാൽ ഇടയലേഖനത്തിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം വൈദികർ രംഗത്തെത്തി.
സിനഡ് തീരുമാനങ്ങൾ അറിയിക്കാൻ വായിച്ച ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ഉൾപ്പെടുത്തിയിരിക്കുന്നത്. അധികൃതർ ലൗ ജിഹാദ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും, കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതകളുടെ കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമവസാനിച്ച സിനഡ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യന്‍ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാർ സഭ സിനഡ് വിലയിരുത്തിയത്. കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തൽ.
സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ എന്നും, പൗരത്വ നിയമത്തിൽ രാജ്യം കത്തുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.