കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. നിയമം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
"പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം, നിയമസഭയിൽ പ്രമേയം പാസാക്കി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാം. എന്നാൽ, നടപ്പാക്കാതിരിക്കാനാകില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി പ്രശ്‌നകരമാവുകയും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും.
എൻ.ആർ.സി, എൻ.പി.ആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എൻ.പി.ആർ നടപ്പാക്കേണ്ടത് ലോക്കൽ രജിസ്ട്രാർ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങൾ പറയുന്നത്. പ്രായോഗികമായി ഇത് സാദ്ധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ ഭരണഘടനാപരമായി, പാർലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന് വളരെ ബുദ്ധിമുട്ടാണ്"-അദ്ദേഹം പറഞ്ഞു.
ഭരണഘടനയിൽ അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാന സർക്കാരാണ് കേരളം. ഈ നിയമത്തിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസാക്കിയതും കേരളമാണ്.
കേരളത്തിന്‍റെ ചുവടുപിടിച്ച് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.