police

ചാലക്കുടി: പൊലീസ് സ്റ്റേഷനിൽ എത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കാക്കി തൊപ്പിയണിഞ്ഞു സെൽഫി എടുത്തു. ഒരാളെ ജാമ്യത്തിലിറക്കാൻ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എത്തിയ പോട്ട കെ.കെ റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജാണ് കാക്കി തൊപ്പിയണിഞ്ഞ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രം വിവാദമായതോടെ അനുരാജ് പോസ്റ്റ് ‌ഡിലീറ്റ് ചെയ്തു. ‘പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ’ എന്ന അടിക്കുറിപ്പോടെ അഞ്ചോളം ചിത്രങ്ങളാണ് അനു പങ്കുവച്ചത്.

ഗതാഗതനിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഒരാളെ ജാമ്യത്തിലിറക്കാൻ എത്തിയതായിരുന്നു അനുരാജ്. പൊതു സ്ഥലത്ത് ബഹളം വച്ചതിന് പൊലീസ് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ‌ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഈ സമയത്ത് വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്ത് തലയിൽ വച്ച് സെൽഫി എടുക്കുകയായിരുന്നു. ചിത്രങ്ങളിൽ ചിലതിൽ സുഹൃത്തുക്കളും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ അനുരാജിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്.ഐ ബി.കെ അരുൺ അറിയിച്ചു.