പത്തനംതിട്ട: അയ്യപ്പജ്യോതിക്കു ശേഷവും ദിവസേനെ നിരവധി ഭക്തരാണ് ശബരിമലയിലേക്കെത്തുന്നത്. കേരളത്തിൽ നിന്നുമാത്രമല്ല അന്യദേശത്തു നിന്നും ഭക്തർ ഇവിടേയ്ക്കെത്തുന്നുണ്ട്. ഇത്തവണ ശബരിമലയിലേക്കുള്ള വിദേശത്തു നിന്നുമുള്ള കാണിക്കയിൽ ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് മലേഷ്യയിൽ നിന്നുമാണ്. എന്നാൽ, കാണിക്കയായെത്തുന്ന ഈ പണം എത്രത്തോളം ഉപയോഗപ്രദമാണ് എന്നതുസംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മലേഷ്യയില്നിന്നെത്തുന്ന ഭക്തരില്‍ അധികവും തമിഴ്നാട്ടുകാരാണ്. ഒരുവര്‍ഷക്കാലം തങ്ങളുടെ വഞ്ചിയിലിട്ട് വയ്ക്കുന്ന രൂപയെല്ലാം അവര്‍ നേരിട്ടെത്തി അയ്യപ്പന് സമര്‍പ്പിക്കുകയാണ് പതിവ്.
എന്നാൽ, കാണിക്ക അർപ്പിക്കുന്ന നോട്ടുകളിൽ മിക്കവയിലും മഞ്ഞളും ഭസ്മവും പുരണ്ടാണ് ലഭിക്കാറുള്ളത്. ഇത്തരത്തില്‍ കാണുന്ന നോട്ടുകള്‍ പലതും ഉപയോഗ യോഗ്യമായിരിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മഞ്ഞളും ഭസ്മത്തിനും പുറമെ ഭക്തരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നോട്ടുകളിൽ എഴുതി വയ്ക്കുകയും ചെയ്യും. ഇതോടെ നോട്ടുകൾ ഉപയോഗ ശൂന്യമാവുകയാണ് ചെയ്യാറ്. ഈ നിലയിൽ സീസണില്‍ ലഭിക്കുന്ന വിദേശ കറന്‍സികളില്‍ 10 ശതമാനത്തോളം രൂപ കീറിയതോ ഉപയോഗിക്കാന്‍ കഴിയാത്തതോ ആണ്. വിദേശ നോട്ടുകള്‍ ധനലക്ഷ്മി ബാങ്ക് മാനേജര്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഏറ്റുവാങ്ങും.
മലേഷ്യയിൽ നിന്നല്ലാതെ ശ്രീലങ്കയിൽ നിന്നും കാണിക്കയെത്താറുണ്ട്. ശ്രീലങ്കയാണ് ശബരിമലയിലെത്തുന്ന വിദേശ കാണിക്കയിൽ രണ്ടാമതായി നിൽക്കുന്നത്. എന്നാല്‍, മൂല്യത്തില്‍ മലേഷ്യന്‍ റിങ്കിറ്റ് തന്നെയാണ് ഏറെ മുന്നില്‍. ഒരു റിങ്കിറ്റിന് 17 രൂപ മൂല്യം വരുമ്പോള്‍ ശ്രീലങ്കന്‍ രൂപക്ക് 50 പൈസപോലും വിലയുണ്ടാകാറില്ല. ഇത്തവണ മലയാളിക്ക് അത്രയേറെ പരിചിതമല്ലാത്ത രാജ്യങ്ങളിലെ നോട്ടുകള്‍പോലും കാണിക്കയായി ലഭിച്ചിട്ടുണ്ട്. ഇത്തവണ ഒന്നര കോടിയിലധികം രൂപയുടെ റിങ്കിറ്റ് ഉണ്ടാകും.
ഇത്തവണ ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപയാണ്. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും വ്യക്തമാക്കിയിരുന്നു. ജനുവരി 14 വരെയുള്ള കണക്കാണിത്. കഴിഞ്ഞ സീസണിൽ 167 കോടിയായിരുന്നു നടവരവ്. 2017-18ൽ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം.