aryadan-muhammed

കോഴിക്കോട്: പൗരത്വനിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾ നടക്കുന്ന സ്ഥലത്തെ കടകൾ അടച്ചിടുന്നത് മര്യാദകേടാണെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഭരണഘടന പ്രകാരം സംഘടിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊതുയോഗങ്ങൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെന്റിന്റെ പ്രഥമ നെഹ്‌റു സെക്യുലർ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കാർ തിരൂരിൽ യോഗം നടത്തിയാൽ കടകൾ അടച്ചിടുന്നത് മര്യാദകേടാണ്. ഇതിന് എല്ലാത്തിനും പിന്നിൽ സാമൂഹ്യവിരുദ്ധരും എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയെയും പോലുള്ള സംഘടനകളാണ്. ഇത് തന്നെയാണ് നരേന്ദ്ര മോദിയും അനുവർത്തിക്കുന്നത്. അത് അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നി ജില്ലകളിൽ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനായി ബിജെപി സംഘടിപ്പിച്ച പൊതുയോഗം നടക്കുന്നിടത്ത് വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകളോളം കടകൾ അടച്ചിട്ടാണ് പ്രതിഷേധിച്ചത്. ഇതേതുടർന്ന് പലയിടത്തും പ്രദേശവാസികളായ കാഴ്ചക്കാർ ഇല്ലാതെ ബി.ജെ.പി പ്രവർത്തകർ മാത്രമാണ് പരിപാടികളിലുളളത്.