pinarayi-vijayan-

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിലനില്‌പ് അപകടത്തിലാക്കുമെന്ന തിരിച്ചറിവിലാണ് കേരളത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച പ്രക്ഷോഭത്തിന് തയാറായത്. നിർഭാഗ്യകരമെന്ന് പറയട്ടെ ഇക്കാര്യത്തിൽ യാതൊരു ആത്മാർത്ഥയുമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരള സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായത്. ഒരുവശത്ത് പ്രക്ഷോഭത്തിന്റെ നായകത്വം ചമഞ്ഞ് ന്യൂനപക്ഷ സംരക്ഷകനായി അഭിനയിക്കുകയും മറുവശത്ത് പ്രക്ഷോഭത്തെ അട്ടിമറിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മൂന്ന് വിഷയങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കാം.

കേസും അറസ്റ്റും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ പ്രക്ഷോഭം നടത്തിയവർക്കെതിരെ ബി.ജെ.പി സർക്കാരുകളെ തോല്‌പിക്കുന്ന നടപടികളാണ് പിണറായി വിജയൻ സ്വീകരിച്ചത്. സംസ്ഥാനത്ത് പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുളള 62 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ഇരുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കൊല്ലം ചിതറയിൽ 35 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന് 200 പേർക്കെതിരെയും ഇടുക്കിയിൽ 73 പേർക്കെതിരെയും കേസെടുത്തു. ആലപ്പുഴയിൽ 178 പേർക്കെതിരെയും പത്തനംതിട്ടയിൽ 120 പേർക്കെതിരെയും കോട്ടയത്ത് 130 പേർക്കെതിരെയുമാണ് കേസ്. സംസ്ഥാനത്താകെ ആയിരത്തിലധികം പേർക്കെതിരെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന് സർക്കാർ കേസെടുത്തത്. എന്തിനേറെ പറയുന്നു ഏലത്തൂരിൽ മുഖ്യമന്ത്രി തന്നെ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്‌റ്റഡിയിലെടുത്തിനെതിരെ കോഴിക്കോട് ജില്ലാക്കമ്മറ്റിക്ക് പൊലീസിനെതിരെ പത്രപ്രസ്താവന പോലും ഇറക്കേണ്ടി വന്നു.
യോഗി ആദിത്യനാഥും യെദിയൂരപ്പയും പ്രക്ഷോഭകരെ നേരിട്ട ശൈലിയിൽത്തന്നെയാണ് കേരളത്തിലും സർക്കാർ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തെ നേരിടുന്നത്. ഒരേസമയം ഇതിൽ നിന്ന് മുതലെടുപ്പ് നടത്തുകയും അതേസമയം പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യുന്നത്. ഗുജറാത്ത് ആവർത്തിക്കുമെന്ന കൊലവിളിയുമായി കുറ്റ്യാടിയിൽ പ്രകടനം നടത്തിയ ബി.ജെ.പിക്കാരോട് മൃദുസമീപനം പുലർത്തിയ സർക്കാരാണ് കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതിഷേധക്കാർക്കതിരെ കേസെടുത്തതും ജയിലിലടച്ചതും.
എന്താണ് ഇതിന്റെ ഉദ്ദേശമെന്ന് വ്യക്തമാണ്. ഭാവിയിൽ പ്രതിഷേധവുമായി ഇറങ്ങാൻ തയ്യാറാകുന്ന ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, അതുവഴി കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുക.

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കൽ


കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആറിന്റെ നടപടിക്രമങ്ങളുമായി ഒരു കാരണവശാലും സഹകരിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആദ്യം ഇത് സമ്മതിക്കുകയും ചെയ്തു . എന്നാൽ രഹസ്യമായി എൻ.പി.ആറുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചതിന്റെ ഒരു നോട്ടിഫിക്കേഷൻ എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചപ്പോൾ പിൻവലിക്കുന്നതായി സർക്കാർ പറയുകയും ചെയ്തു. ഇവിടെയാണ് യഥാർത്ഥ വഞ്ചന സർക്കാർ നടത്തിയത്. 12​.11.​2019 ൽ സർക്കാർ മറ്റൊരു ഉത്തരവിറക്കി. 218/ 2019 എന്ന ഉത്തരവിൽ സെൻസസ് നടപടികൾക്കൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ആരംഭിക്കാനുള്ള ഉത്തരവായിരുന്നു അത്. ആ ഉത്തരവ് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടുമില്ല. ഇതാണ് പിന്നീട് തഹസിൽദാർമാർക്ക് ലഭിച്ചത്. അവർക്കു ലഭിച്ച ഉത്തരവ് തഹസിൽദാർമാർ നടപ്പാക്കുക മാത്രമാണ് ചെയ്തത്.


ഈ ഗെയിം കാണാതിരിക്കരുത്
പ്രതിഷേധങ്ങളെ സാവധാനം ഇല്ലാതാക്കുക. കുറച്ച് മാസങ്ങൾ കഴുമ്പോൾ, സെൻസസ് നടത്തുക എന്ന രീതിയിൽ എൻ.പി.ആർ നടപ്പിലാക്കുക. ഇന്നലെ പുറത്തുവന്ന ഒരു വാർത്ത സെൻസസിനു വരുമ്പോൾ ആധാർ കാർഡോ പാസ്‌പോർട്ടോ കാണിക്കണമെന്നാണ്. അതിനർത്ഥം സെൻസസ് പൗരത്വ രജിസ്റ്ററിനുള്ള അടിസ്ഥാന രേഖയാക്കും എന്നുതന്നെയാണ്. സെൻസസിന്റെ മറവിൽ കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ പിണറായി വിജയൻ രഹസ്യമായി ശ്രമിക്കുന്നു എന്നുതന്നെയാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.

യു.എ.പി യിലെ ഇരട്ടത്താപ്പ്

യു.എ.പി.എ ചുമത്തുന്നതിലെ ഇരട്ടത്താപ്പാണ് മറ്റൊന്ന്. നവംബർ മൂന്നിനാണ് സി.പി.എം അംഗങ്ങളായ അലൻ, താഹ എന്നീ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകൾ എന്നാരോപിച്ച് അറസ്റ്റ് ചെയ്‌ത് യു എ പി എ ചുമത്തിയത്. ഈ നടപടി തെറ്റെന്ന് സി.പി.എം സെക്രട്ടറിയേറ്റ് പ്രസ്‌താവന ഇറക്കി. കുറച്ച് കഴിഞ്ഞ് അലനേയും താഹയേയും തള്ളിപ്പറഞ്ഞു. പിന്നെ, അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അവസാനം കേസ് എൻ.ഐ.എ.യ്‌ക്ക് വിട്ടു. അമിത് ഷാ കാണിച്ച് കൊടുക്കുന്ന വഴിയിൽ സഞ്ചരിക്കുന്ന വിനീത വിധേയനായി അധ:പതിച്ചിരിക്കുകയാണ് താനെന്ന് പിണറായി വിജയൻ വീണ്ടും തെളിയിച്ചു.

ഇത് ഒരു സുരക്ഷിത കോട്ടയാണെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി ഒരു കാര്യം മറക്കരുത്. ഇതിലും വല്യ കോട്ടയായി നിങ്ങൾ കരുതിയ ബംഗാളും ത്രിപുരയുമൊക്കെ തകർന്ന് തരിപ്പണമായി. വാചക കസർത്ത് കൊണ്ട് കാര്യമില്ല, പറയുന്ന വാക്കുകളോട് അല്‌പമെങ്കിലും നീതിപുലർത്തുന്ന നടപടികളുണ്ടാകണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം. നിർഭാഗ്യവശാൽ, കേരളത്തിന്റെ മുഖ്യമന്ത്രി പൗരത്വ വിഷയത്തിൽ പറയുന്നതിന്റെ കടകവിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ഇത് കേരള ജനത തിരിച്ചറിയും.