hindu-couple

കായംകുളം: ജാതിയും മതവും മറന്ന് നാട്ടുകാർ ഒന്നടങ്കം അ‌ഞ്ജുവിന്റെ കല്യാണം കൂടാൻ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയിലെത്തി. കേരള ചരിത്രത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാവുന്ന കല്യാണം. മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായത്. മകളുടെ വിവാഹം നടത്തണം എന്നതു മാത്രമായിരുന്നു അഞ്ജുവിന്റെ അമ്മയുടെ ആവശ്യം. സഹായിക്കണമെന്നായിരുന്നു അപേക്ഷ. മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. മതം നോക്കാതെ ആ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു.


അങ്ങനെ ഇന്ന് ഉച്ചക്ക് 12:15 എന്ന ശുഭമുഹൂർത്തത്തിൽ ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്‍റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്നാണ് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്തത്.

ഭർത്താവ് മരിച്ചിട്ട് നാലു വർഷത്തിലേറെയായി. കൂലിവേല ചെയ്താണ് മകളെ ഇത്രത്തോളമാക്കിയത്. അഞ്ജു തന്നെ കണ്ടെത്തിയ ശരത്താണ് വരൻ. കമ്മിറ്റിയിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല. വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. 2500 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിരുന്നു. പൂര്‍ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.