aana

മേട്ടുപ്പാളയം: വന്യജീവി സങ്കേതത്തിൽ ട്രക്കിംഗിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിലായിരുന്നു സംഭവം. കോയമ്പത്തൂർ മാനഗറിൽ ഭുവനേശ്വരി(40)​യാണ് കൊല്ലപ്പെട്ടത്.

ഒമ്പതുപേരടങ്ങുന്ന സംഘമാണ് പെരിയനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിലെ പാലമലയിൽ നിന്ന് വനത്തിലേക്ക് ട്രക്കിംഗിന് പോയത്. ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തും കാറിലും,​ സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിലുമാണ് പാലമലയിൽ എത്തിയത്. വനത്തിനുള്ളിൽ ട്രക്കിംഗ് നടത്തുന്നതിനിടെ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു. എല്ലാവരും ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭർത്താവും സുഹൃത്തുക്കളുമാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനം വകുപ്പിന്റെ മുൻകൂ‌ർ അനുമതി വാങ്ങാതെയാണ് സംഘം വനത്തിലേക്ക് ട്രക്കിംഗ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ പ്രതികരിച്ചു.