rrr

മൊസൂൾ:ഭീകരഗ്രൂപ്പായ ഐസിസിന്റെ ഏറ്റവും 'വലിയ' ഭീകരനെ അറസ്റ്റ് ചെയ്‌ത ഇറാക്കി സൈന്യം ആളെ കൊണ്ടുപോവാനാവാതെ കുറേ നേരം വലഞ്ഞു. ശരീരവലിപ്പത്തിലും ഭീകരനായ അബു അബ്ദുൾ ബാരി ആണ് അറസ്റ്റിലായത്. 250 കിലോഗ്രാം ഭാരമുള്ള പൊണ്ണത്തടിയനെ പൊലീസിന്റെ കാറിൽ കയറ്റാൻ പറ്റിയില്ല. ഒടുവിൽ ഒരു ട്രക്കിൽ ചുമന്നു കയറ്റിയാണ് ജയിലിലേക്ക് കൊണ്ടു പോയത്.

മൊസൂളിലെ ഒളിത്താവളത്തിൽ നിന്നാണ് ഇറാഖിന്റെ ഭീകരവിരുദ്ധ സേനയായ സ്വാറ്റ് (സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് ) അബു അബ്ദുൾ ബാരിയെ അറസ്റ്റ് ചെയ്തത്. ഷിഫ - അൽ - നിമ എന്നും അറിയപ്പെടുന്ന ഇയാൾ ഖുറാൻ പണ്ഡിതനും, പുരോഹിതനുമാണ്. സുരക്ഷാ സേനയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ ഇയാൾ ഇറാക്കിലെ ഐസിസിന്റെ

ഉന്നത നേതാവുമാണ്. ഐസിസ് മൊസൂൾ പിടിച്ചടക്കിയപ്പോൾ എതിർത്ത ബുദ്ധിജീവികളെയും ഇസ്‌ലാമിക പണ്ഡിതന്മാരെയും കൊല്ലാൻ ഇയാൾ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മൊസൂളിലെ പൈതൃക കേന്ദ്രങ്ങൾ തകർക്കാനും ഉത്തരവിട്ടിരുന്നു.

ബാരിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ലണ്ടനിലെ ഇസ്ലാം ഭീകരവിരുദ്ധ പ്രവർത്തകൻ മജീദ് നവാസി ഫെയ്‌സ്ബുക്കിൽ എഴുതിയിട്ടുണ്ട്. ദൈവം തങ്ങൾക്കൊപ്പമാണെന്ന് കരുതുന്ന ഐസിസ് വിഡ്ഢികൾക്കുള്ള തിരിച്ചടിയാണ് ബാരിയുടെ അറസ്‌റ്റെന്ന് നവാസി അഭിപ്രായപ്പെട്ടു.

'മൊസൂളിൽ നിന്ന് ഈ മാലിന്യം നീക്കുന്നത് സിറിയക്കാർക്കും ഇറാക്കികൾക്കും നല്ല വാർത്തയാണ്. ഇയാൾ അറസ്റ്റിലായതോടെ ഐസിസിനേറ്റ ആഘാതം വളരെ വലുതാണ്. കൊല്ലാനും ചാവാനും ഐസിസിനോട് ഉത്തരവിട്ടിരുന്നത് ഇസ്ലാമിന്റെ പേരിലാണ്. എന്നാൽ പ്രാഥമികാവശ്യങ്ങൾക്കല്ലാതെ ദേഹമനക്കാൻ ഈ 'ഹിപ്പോപ്പൊട്ടാമസി'ന് സാധിക്കുമായിരുന്നില്ല.' - നവാസി എഴുതി.