ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാൾ. 10 പോയിന്റ് ഗ്യാരന്റി കാർഡിലൂടെയാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള വാഗ്ദാനങ്ങൾ അറിയിച്ചത്. തടസ്സങ്ങളില്ലാതെ 24 മണിക്കൂർ വൈദ്യുതിയും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും നൽകുമെന്നതാണ് ഗ്യാരണ്ടി കാർഡിലെ ആദ്യ വാഗ്ദാനം.
പൈപ്പു വഴി 24 മണിക്കൂറും കുടിവെള്ളം, സൗജന്യ വൈദ്യുതി, ഒരോ വിദ്യാർഥിക്കും രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസം തുടങ്ങിയവയും പ്രഖ്യാപനങ്ങളാണ്. ഒരോ വീട്ടിലും വൈദ്യുതി എത്തിക്കുന്നതിന് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കും. മെട്രോ സേവനം 500 കിലോമീറ്റർ ദൂരപരിധിയിൽ വ്യാപിപ്പിക്കും. 11,000 ബസുകൾ നിരത്തിലിറക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കും, ഏറ്റവും വലിയതും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനം ഉറപ്പാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
ചേരി പ്രദേശത്ത് താമസിക്കുന്നവർക്ക് സ്വന്തമായി വീടും പ്രഖ്യാപനത്തിലുണ്ട്. ഡൽഹിയെ പച്ച പുതപ്പിക്കാൻ 2 കോടി മരങ്ങൾ നടുന്ന പദ്ധതിയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. കുടിവെള്ളത്തിനും വൈദ്യുതിക്കുമുള്ള സബ്സിഡി നിലനിർത്തും. 20,000 ലിറ്രർ കുടിവെള്ളം സൗജന്യമായിനൽകുന്നതു തുടരും.24 മണിക്കൂറും എല്ലാ വീടുകളിലും പൈപ്പു വെള്ളം ലഭ്യമാക്കും. ഡൽഹി മാലിന്യമുക്തമാക്കുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.