harry-megan

ലണ്ടൻ:ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും ഇനി രാജകീയ പദവികൾ ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവരും ഇനി എലിസബത്ത് രാജ്ഞിയുടെ പ്രതിനിധികളായിരിക്കില്ലെന്നും രാജദമ്പതികളെന്ന രീതിയിൽ പൊതുപണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചതായും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയിൽ കൊട്ടാരം അറിയിച്ചു.

സൈനിക നിയമനം ഉൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽ നിന്ന് ഇരുവരെയും മാറ്റി നിറുത്തി. ഇത് മാർച്ചിൽ പ്രാബല്യത്തിൽ വരും.

ഇതോടൊപ്പം വിൻഡ്സർ കാസിലിന് സമീപം ഇരുവരും താമസിച്ചിരുന്ന ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കുന്നതിന് ചെലവഴിച്ച പൊതുപണം തിരിച്ചുനൽകും. 24 ലക്ഷം പൗണ്ടാണ് (ഏകദേശം 22 കോടി രൂപ ) തിരിച്ചടയ്ക്കുക.

മാസങ്ങൾ നീണ്ട സംഭാഷണങ്ങൾക്കും, അടുത്തിടെ നടന്ന ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി.

'രണ്ടുവർഷത്തോളം ഹാരിയും ഭാര്യയും മകനും നേരിട്ട വെല്ലുവിളികളെ താൻ അംഗീകരിക്കുന്നു. കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പൂർണമായും പിന്തുണയ്ക്കുന്നു. മൂവരും എന്നും രാജകുടുംബത്തിന്റെ പ്രിയപ്പെട്ടവരായിരിക്കും'.

അതേസമയം, ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, ഫ്രാഞ്ചൈസി ഫീസ്, റോയൽറ്റി തുടങ്ങിയ കാര്യങ്ങൾ കൊട്ടാരം വ്യക്തമാക്കിയിട്ടില്ല.

രാജകീയ പദവികൾ ഉപേക്ഷിക്കുമെന്ന് ഹാരി രാജകുമാരനും മേഗൻ മെർക്കലും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മേഗൻ മകൻ ആർച്ചിക്കൊപ്പം കാനഡയിലേക്ക് പോയി. ഇതോടെയാണ് രാജ്ഞിയും കൊട്ടാരവും ഇവരുമായി ചർച്ച നടത്തിയത്. കാനഡയിലായിരുന്ന മേഗൻ വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ചകളിൽ പങ്കെടുത്തത്. കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഹാരിയും കാനഡയിലേക്ക് പോകുമെന്നാണ് സൂചന.