ഏറെ പുതുമകളുമായി ജാഗ്വാറിന്റെ കോംപാക്റ്ര് സ്പോർട്ടീ സെഡാൻ വീണ്ടും ഇന്ത്യയിൽ അവതരിക്കുകയാണ്. കൂടുതൽ സ്റ്റൈലിഷായിട്ടുണ്ട് പുത്തൻ ജാഗ്വാർ എക്സ്.ഇ. സാധാരണ ഫേസ്ലിഫ്റ്ര് മോഡലുകൾക്ക് പുറംമോടിയിലാണ് മാറ്റങ്ങൾ കാണാനാവുകയെങ്കിലും, പുത്തൻ ജാഗ്വാർ എക്സ്.ഇയിൽ അകത്തളത്തിലും വലിയ പരിഷ്കരണം തന്നെയുണ്ട്.
പുതിയത് എന്ന തോന്നൽ ഉറപ്പാക്കാനായി, പുറംമോടിയിൽ കാതലായ എന്നാൽ, പ്രൊഫഷണലിസം നിറയുന്ന മാറ്റങ്ങൾ കാണാം. ഹെഡ്ലൈറ്ര് ചെറുതാക്കിയിരിക്കുന്നു. അതാകട്ടെ, പ്രീമിയം എൽ.ഇ.ഡി കൊണ്ടാണ് സജ്ജം. ടെയ്ൽലൈറ്രിലും ഇതേ ഫോർമുല തന്നെ ഉപയോഗിച്ചിരിക്കുന്നു. വലിയ ഗ്രില്ലും അതിലെ ലോഗോയും ആകർഷണമാണ്. വീതിയേറിയ ബമ്പറും സ്പോർട്ടീ, പ്രീമിയം ലുക്ക് അരക്കിട്ടുറപ്പിക്കുന്നു.
അകത്തളത്തിൽ കളർ തീം ഉൾപ്പെടെ ഓരോ ഘടകവും പുതുമവത്കരിച്ചത്, 'ഫ്രഷ് ഫീൽ" തന്നെ സമ്മാനിക്കുന്നുണ്ട്. അതിവിശാലവുമാണ് അകത്തളം. നിലവാരവും കൂട്ടിയിട്ടുണ്ട്. വലിയ ടച്ച് സ്ക്രീനാണ് പ്രധാന ആകർഷണം. അതിനുതാഴെ, ക്ളൈമറ്റ് കൺട്രോളിനുള്ള രണ്ടു ഡയലുകളും ഭംഗിയാണ്. ഡ്രൈവിംഗ് മോഡുകൾക്ക് ബട്ടണുകൾക്ക് പകരം, ടോഗിൾ സ്വിച്ച് ഇടംപിടിച്ചു. ഇത്, ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ മാറ്രാതെ, ഡ്രൈവിംഗ് മോഡ് മാറ്രാൻ സഹായിക്കും.
പെട്രോൾ, ഡീസൽ വേരിയന്റുകൾ ജാഗ്വാർ എക്സ്.ഇയ്ക്കുണ്ട്. 5,500 ആർ.പി.എമ്മിൽ 247 ബി.എച്ച്.പി കരുത്തും 1,500-4,000 ആർ.പി.എമ്മിൽ 365 എൻ.എം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് 1997 സി.സി പെട്രോൾ എൻജിൻ. ബി.എസ്-6 ചട്ടങ്ങൾ പാലിക്കുന്ന എൻജിനാണിത്. അനായാസവും 'ഫൺ ഫീലോടെയും" ഡ്രൈവ് ചെയ്യാവുന്നതാണ് പെട്രോൾ മോഡൽ. ഉയർന്ന വേഗതയിലും മികച്ച ഡ്രൈവിംഗ് ആസ്വാദനം പെട്രോൾ വേർഷൻ നൽകും.
4,000 ആർ.പി.എമ്മിൽ 178 ബി.എച്ച്.പി കരുത്തും 1,750-2,500 ആർ.പി.എമ്മിൽ മാക്സിമം 430 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീസൽ എൻജിനും വൈകാതെ ബി.എസ്-6 പെരുമ ലഭിക്കും. ഇരു വേരിയന്റുകളിലും 8-സ്പീഡ് ഓട്ടോമാറ്രിക് ട്രാൻസ്മിഷൻ സംവിധാനമാണുള്ളത്.
എക്കോ, കംഫർട്ട്, ഡൈനാമിക് റെയിൻ, ഐസ്, സ്നോ എന്നിവയാണ് ഡ്രൈവിംഗ് മോഡുകൾ. നേരത്തേ സൂചിപ്പിച്ച ടോഗിൾ സ്വിച്ചായ സ്പോർട് ഷിഫ്റ്ര് സെലക്ടറിലൂടെ (ഗിയർ നോബ്) മോഡുകൾ അനായാസം തിരഞ്ഞെടുക്കാം. പൂനെയിലെ ജെ.എൽ.ആർ പ്ളാന്റിൽ അസംബിൾ ചെയ്യുന്ന ജാഗ്വാർ എക്സ്.ഇയ്ക്ക് എസ്., എസ്.ഇ എന്നീ വകഭേദങ്ങളുണ്ട്. പെട്രോൾ, ഡീസൽ എസ് പതിപ്പിന് 44.98 ലക്ഷം രൂപയും എസ്.ഇയ്ക്ക് 46.32 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബി.എം.ഡബ്ള്യു 3-സീരീസാണ് വിപണിയിലെ പ്രധാന എതിരാളി.