തിരുവനന്തപുരം: സർക്കാരുമായുള്ള തർക്കം വ്യക്തിപരമായി ചിത്രീകരിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയും നിയമവും അനുസരിച്ചേ തീരു. ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ താൻ നിറവേറ്റും. കോഴിക്കോട്ടെ പരിപാടി താൻ റദ്ദാക്കിയതല്ല. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.
അതേസമയം, സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർമാരുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.