അദ്‌നാൻ സാമിക്ക് മാനുഷിക പരിഗണനയിൽ പൗരത്വം
തസ്ലീമ നസ്രീന് ഇന്ത്യൻ പൗരത്വമുണ്ടെന്ന് പറഞ്ഞതിൽ തെറ്റുപറ്റി
ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്പോൾ, ആറുവർഷത്തിനിടെ 2838 പാകിസ്ഥാനികൾക്ക് ഇന്ത്യ പൗരത്വം നൽകിയെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
ചെന്നൈയിൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'ആറുവർഷത്തിനിടയിൽ മുസ്ലീങ്ങൾ അടക്കം അഭയാർത്ഥികളായി വന്ന 2838 പാകിസ്ഥാനികൾക്കും, 914 അഫ്ഗാൻകാർക്കും, 172 ബംഗ്ലാദേശികൾക്കും ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. 1964 മുതൽ 2008 വരെ നാലുലക്ഷത്തിലധികം ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. 2014 വരെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 566 മുസ്ലീങ്ങൾക്കാണ് പൗരത്വം നൽകിയത്. 2016-18ൽ മോദി സർക്കാർ 1595 പാകിസ്ഥാനി കുടിയേറ്റക്കാർക്കും 391 അഫ്ഗാൻ മുസ്ലീങ്ങൾക്കും ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. 2016ൽ പാക് ഗായകനായ അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകി. തസ്ലീമ നസ്റിന് പൗരത്വം നൽകിയത് മറ്റൊരു ഉദാഹരണമാണ്. അഭയാർത്ഥികൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത്.'- നിർമ്മല പറഞ്ഞു.
കഴിഞ്ഞ 50-60 വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ക്യാമ്പുകളിലായി കിഴക്കൻ പാകിസ്ഥാനിൽ നിന്നെത്തിയ നിരവധി പേർ കഴിയുന്നുണ്ട്. അവരുടെ അവസ്ഥ പരിതാപകരമാണ്.
'ആ ക്യാമ്പുകൾ സന്ദർശിച്ചാൽ നിങ്ങൾ കരയും. ഇതേ സാഹചര്യമാണ് ശ്രീലങ്കൻ അഭയാർത്ഥികളുടെ കാര്യത്തിലും. അടിസ്ഥാനപരമായ പല ആവശ്യങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ ആരുടെയും പൗരത്വം റദ്ദാക്കാനല്ല, പൗരത്വം നൽകാനാണ് ശ്രമിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ പത്തുവർഷം കൂടുമ്പോൾ പുതുക്കുമെന്നും എൻ.ആർ.സിയുമായി അതിന് ബന്ധമില്ലെന്നും അവർ പറഞ്ഞു
തസ്ളീമ നസ്റീന് ഇന്ത്യൻ പൗരത്വം ഇല്ല
ബംഗ്ലാദേശ് സ്വദേശിയായ ഇംഗ്ളീഷ് എഴുത്തുകാരി തസ്ളീമ നസ്രീന് പൗരത്വം നൽകിയെന്ന് പറഞ്ഞതിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന് തെറ്റുപറ്റി. ബംഗ്ളാദേശിൽ മതമൗലികവാദികളുടെ വധഭീഷണി നേരിട്ടതിനെ തുടർന്ന് ഇന്ത്യയിലെത്തുകയായിരുന്നു. 2004ൽ നസ്റീന് ഇന്ത്യയിൽ താമസിക്കാനുള്ള അനുമതി (റസിഡന്റ് ഇൻ പെർമിറ്റ്) നൽകി. ഇപ്പോൾ തസ്ലിമയ്‌ക്ക് സ്വീഡിഷ് പൗരത്വമാണുള്ളത്.