കൊച്ചി:മെട്രോ റെയിൽവേയുടെ തൂണിന് മുകളിലെ ട്രാക്കിനടിയിൽ ആറു ദിവസം മുമ്പ് കുടുങ്ങിയ പൂച്ച ഇന്നലെ രണ്ട് മണിക്കൂറോളം
രക്ഷാപ്രവർത്തകരെ വെള്ളം കുടിപ്പിച്ച ശേഷം ചാടി രക്ഷപ്പെട്ടു. റോഡിലൂടെ ഓടിയ പൂച്ചയെ മൃഗസ്നേഹികൾ പിന്തുടർന്ന് പിടികൂടി വെള്ളം നൽകി മൃഗാശുപത്രിയിലെത്തിച്ചു. പൂച്ചയുടെ കടിയേറ്റ ഒരാൾ ചികിത്സ തേടുകയും ചെയ്‌തു.
രക്ഷാപ്രവർത്തനത്തിനായി വലിയ ക്രെയിൻ റോഡിൽ നിറുത്തിയതിനാൽ വൈറ്റില - കടവന്ത്ര ഭാഗത്തെ ഗതാഗതം ഒരു വശത്താക്കി നിയന്ത്രിച്ചു. ചെറിയ കുരുക്കിൽ പോലും അക്ഷമരാകുന്ന നഗരവാസികൾ പൂച്ചക്കുഞ്ഞിന്റെ ജീവനായി മണിക്കൂറുകൾ ക്ഷമയോടെ സഹകരിച്ചു.
ആറ് ദിവസമായി പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണ് പുറംലോകം അറിഞ്ഞത്. ഇന്നലെ ഉച്ചയോടെ സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില വെൽകെയർ ആശുപത്രിക്ക് സമീപമാണ് നാടകീയമായ രക്ഷാപ്രവർത്തനം അരങ്ങേറിയത്. മെട്രോ അധികൃതർ അറിയിച്ചതനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ ഗാന്ധിനഗർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃഗസ്നേഹികളും നാട്ടുകാരും താഴെ തടിച്ചുകൂടി.
ട്രാക്കിനടുത്ത് വരെ എത്താൻ ഉയരമുള്ള ഗോവണി ഫയർഫോഴ്സിന് ഇല്ലായിരുന്നു. മെട്രൊ റെയിൽ അധികൃതർ എത്തിച്ച ക്രെയിനിലാണ് പില്ലറിന് മുകളിലെത്തിയത്. രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആദ്യം മുകളിലെത്തി. ഇവർ പൂച്ചയുടെ അടുത്ത് എത്താൻ ശ്രമിക്കവേ മറ്റുള്ളവർ താഴെ വലവിരിച്ചു. ആൾക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച കട്ടകൾക്കിടയിൽ ഒളിച്ചു.
ഒടുവിൽ നാല് ഉദ്യോഗസ്ഥർ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. നിസാരമെന്ന് കരുതി രക്ഷാപ്രവർത്തനത്തിന് എത്തിയവരെ അക്ഷരാർത്ഥത്തിൽ പൂച്ച വെള്ളം കുടിപ്പിച്ചു. രണ്ടേമുക്കാലോടെ പൂച്ചയ്ക്കരികിൽ എത്താനുള്ള ശ്രമം വിജയിച്ചു. വലയിട്ട് പിടിക്കാനുള്ള ശ്രമത്തിനിടെ പൂച്ച താഴെ വിരിച്ച വലയിലേക്ക് ചാടിയതോടെ കൈയടി ഉയർന്നു. റോഡിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂച്ചയെ ആളുകൾ പിടികൂടുകയായിരുന്നു. പൂച്ചയ്ക്ക് ഷെൽട്ടർ ഒരുക്കുമെന്ന് മൃഗസ്നേഹികൾ അറിയിച്ചു.