മുംബയ്: ശനിയാഴ്ച മുംബയ്-പുനൈ എക്സ്പ്രസ് പാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഗായിക ശബാന ആസ്മി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ട്രക്ക് ഡ്രൈവറുടെ പരാതിയിൽ ശബാന ആസ്മിയുടെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ശബാന ആസ്മിക്കുണ്ടായ അപകടം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗായിക ലതാ മങ്കേഷ്കർ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ ശബാനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി പോസ്റ്റ് ചെയ്തു.