ss

തിരുവനന്തപുരം: പ്ലാസ്റ്റിക്കിനുള്ള ബദൽ സംവിധാനങ്ങളെയും മാലിന്യസംസ്കരണ സംവിധാനങ്ങളെയും ഹൃദയ പൂർവം സ്വാഗതം ചെയ്ത് മന്ത്രി ടി.എം. തോമസ് ഐസക്. കനക കുന്നിൽ നടക്കുന്ന ശുചിത്വ മേളയിലെ സ്റ്റാളുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ക്യാന്റീനിൽ നിന്നുള്ള ചേമ്പ് പുഴുങ്ങിയതും മുളക് ചമ്മന്തിയും കഴിച്ച മന്ത്രിയുടെ മുഖത്ത് ഗൃഹാതുരത്വത്തിന്റെ നിറവ്. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, പാഴ് തുണികൾ കൊണ്ടുള്ള സഞ്ചികൾ, ബാഗുകൾ, പെഴ്സുകൾ തുടങ്ങിയവ മന്ത്രി പരിശോധിച്ചു. പ്ലാസ്റ്റിക് ബദൽ സംവിധാനങ്ങളുമായി മേളയിലെത്തിയ സ്വകാര്യസംരംഭകരെയും സ്റ്റാർട്ടപ്പുകളെയും മന്ത്രി അഭിനന്ദിച്ചു. കയർഫെഡ്, ബാംബൂ കോർപറേഷൻ, വിവിധ ജില്ലകളുടെ കുടുംബശ്രീ മിഷനുകൾ, തിരുവനന്തപുരം നഗരസഭ,ജില്ലാ പഞ്ചായത്ത് എന്നിവയുടെ സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. ശുചിത്വമിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എം. സീമ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.