love-jihad

കൊച്ചി: ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റി ഭീകരസംഘടനകളിൽ വരെയെത്തിക്കാൻ ആസൂത്രിത 'ലൗ ജിഹാദ് ' നടക്കുന്നതായി ആവർത്തിച്ച് സീറോ മലബാർസഭ. ബിഷപ്പുമാരുടെ യോഗമായ സിനഡിന് പിന്നാലെ ഇക്കാര്യം വിവരിക്കുന്ന ഇടയലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു. ഒരുവിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് ചില പള്ളികളിൽ വായിച്ചില്ല.

പ്രണയക്കുരുക്കിൽപ്പെടുത്തി കേരളത്തിലും ക്രിസ്ത്യൻ പെൺകുട്ടികളെ കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന് സിനഡ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നത്തെ ഗൗരവത്തോടെ കാണണമെന്ന് വിശ്വാസികളോടും പൊലീസിനോടും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ബോധവത്കരിക്കണമെന്നും സഭ നിർദ്ദേശിക്കുന്നു.

# ഇടയലേഖനത്തിൽ നിന്ന്

മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപക‌ടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു. കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേയ്ക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു.

വിഷയത്തെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരപ്രവർത്തനമായോ കണ്ട് നിയമപാലകർ നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.

# വിയോജിച്ചും വിശ്വാസികൾ

ലൗ ജിഹാദ് സംബന്ധിച്ച സിനഡിന്റെ ആരോപണത്തിൽ വിശ്വാസികളും രണ്ടു തട്ടിലാണ്. എറണാകുളം അതിരൂപതയിലുൾപ്പെടെ പള്ളികളിൽ ലൗ ജിഹാദ് ആരോപണത്തിനെതിരെ ചില സംഘടനകൾ പ്രതിഷേധിച്ചു. ഇതുമൂലം പലയിടങ്ങളിലും ലൗ ജിഹാദ് സംബന്ധിച്ച ഭാഗം ഒഴിവാക്കി ഇടയലേഖനം വായിച്ചു.

ക്രിസ്ത്യാനികളിലെ മിശ്രവിവാഹങ്ങളിൽ ഭൂരിപക്ഷവും ഹിന്ദുക്കളുമായിരിക്കെ മുസ്ളീം സമുദായത്തിനെതിരെ പ്രതികരിക്കുന്നതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് എതിർത്ത സംഘടനകൾ ആരോപിച്ചു.

# ശ്രദ്ധ തിരിക്കാൻ ശ്രമം

പൗരത്വനിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് ഉന്നയിക്കുന്നത് ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാനാണ്.

സഭയിൽ ഒരുകാലത്തുമില്ലാത്ത വിധത്തിൽ അഴിമതി, സാമ്പത്തിക ക്രമക്കേട്, ഭൂമി കുംഭകോണം, മെത്രാന്മാരും വൈദികരും ഉൾപ്പെട്ട ലൈംഗിക പീഡനം പോലുള്ള ആരോപണങ്ങൾ ഉയർന്നു. വൈദികരും ഒരു മെത്രാനും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു തെളിവില്ലാത്ത ലൗ ജിഹാദ് ഉയർത്തുന്നത് സാമുദായിക സൗഹാർദ്ദം നശിക്കാനും വർഗീയ വേർതിരിവിനും ഇടയാക്കും.

അഡ്വ. ബിനു ജോൺ
കൺവീനർ

അൽമായ മുന്നേറ്റം