
റങ്കൂണ്‍ : ചൈനീസ് പ്രിസിഡന്റ് ഷി ജിൻപിങിന്റെ പേര് വിവർത്തനം ചെയ്തപ്പോൾ തെറിയായി മാറിയ സംഭവത്തിൽ ഫേസ്ബുക്ക് മാപ്പു പറഞ്ഞു. ബെർമീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിൻപിങിന്റെ പേരാണ് തെറിയായി മാറിയത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. ഷി ജിൻപിങിന്റെ മ്യാൻമാർ സന്ദർശന വേളയിലാണ് ഫേസ്ബുക്കിന് അബദ്ധം സംവിധിച്ചത്.
സന്ദർശനത്തിന്റെ രണ്ടാം ദിനം മ്യാൻമാർ സ്‌റ്റേറ്റ് കൗൺസിലര്‍ ആംങ് സാങ് സൂചിയുടെ ഔദ്യോഗിക പേജിൽ വന്ന പോസ്റ്റിലെ വിവർത്തനത്തിലാണ് തെറ്റ് സംഭവിച്ചത്. തുടർന്ന് ഇക്കാര്യം ഒരു പ്രദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്യുകയായിരുന്നു. തെറിവാക്കടക്കം സൂചിപ്പിച്ചാണ് മാദ്ധ്യമ റിപ്പോർട്ട് വന്നത്. തുടർന്ന് ബർമീസില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവർത്തനത്തില്‍ സംഭവിച്ച പഴവാണെന്നും അത് പരിഹരിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. ബർമീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്നതില്‍ മുമ്പും ഫേസ്ബുക്കിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. എന്തായാലും വിവാദമാകും മുന്നെ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് തടിയൂരി.