കൊച്ചി: കൊച്ചിയിൽ നക്ഷത്ര ആമകളെ പന്ത്രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ വനം ഫ്ളൈയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂർ പെങ്ങാമുക്ക് മാക്കാലിക്കൽ എം.ജെ.ജിജി (43), തമിഴ്നാട് സ്വദേശികളായ വി.മധു (23), ഭാസ്കർ (30), ഇ.ഇളങ്കോവൻ (46), ജെ.ആൻഡ്രു (28), എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ വനങ്ങളിൽ നിന്ന് പിടിച്ച അഞ്ച് ആമകളെ വിദേശികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റില സെൻട്രൽ ഇൻ ഹോട്ടലിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ആമയെ വാങ്ങാനെന്ന പേരിലാണ് ഇവരുമായി വനം അധികൃതർ ബന്ധപ്പെട്ടത്. ഒരു ആമയ്ക്ക് രണ്ടര ലക്ഷം രൂപ വീതമാണ് വില പറഞ്ഞത്. പ്രതികളിൽ ഒരാളായ ഇളങ്കോവനാണ് ഇടനിലക്കാരനായി എത്തിയത്. കോടനാട് റേഞ്ച് ഓഫീസിന് കൈമാറിയ പ്രതികളെയും ആമകളെയും ഇന്ന് പെരുമ്പാവൂർ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എറണാകുളം ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിവിഷനിലെ പെരുമ്പാവൂർ റേഞ്ച് ഓഫീസർ പി.എ.ജലീലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഫോറസ്റ്റ് ഓഫീസർ ജോഷി.എം.വി, ബീറ്റ് ഓഫീസർമാരായ പ്രശാന്ത് പി.വി, ശ്രീജിത്ത്.ടി.ആർ, ശോഭരാജ്.ആർ, കെ.എസ് സുമേഷ്‌കുമാർ, സുബീഷ്.സി.എം, രജീഷ് പി.ആർ ഡ്രൈവർമാരായ കെ.ആർ.അരവിന്ദാക്ഷൻ, ബൈജുകുമാർ.ടി.എ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മന്ത്രവാദികളുടെ ഇഷ്ടയിനം
നക്ഷത്ര ആമകളെ സൂക്ഷിച്ചാൽ ഐശ്വര്യവും സമ്പത്തുമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇവയെ വാങ്ങുന്നത്. മന്ത്രവാദത്തിനും ഉപയോഗിക്കാറുണ്ട്. മാലിദ്വീപിലും ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് ഇവയ്ക്ക് ഡിമാന്റ് കൂടുതൽ. ഇന്ത്യൻ വന്യജീവി നിയമമനുസരിച്ച് മൂല്യം നിർണയിക്കാൻ കഴിയാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് നക്ഷത്ര ആമകൾ. ഇവയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും കച്ചവടം നടത്തുന്നതും ക്രിമിനൽ കുറ്റമാണ്.