ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദർ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എൻ.ഐ.എ അന്വേഷിക്കും.. ദേവീന്ദർ സിംഗ് ബംഗ്ലാദേശിലേക്ക് തുടർച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഐ.എസ്.ഐ ബന്ധം അന്വേഷിക്കുന്നത്.
2019ൽ മൂന്ന് തവണയാണ് ദേവീന്ദർ സിംഗ് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തത്. ഏറെ ദിവസം അവിടെ തങ്ങുകയും ചെയ്തു. ദേവീന്ദറിന്റെ രണ്ട് പെൺമക്കൾ ബംഗ്ലാദേശിലാണ് പഠിക്കുന്നത്. എന്നാൽ ഐ.എസ്.ഐയുമായുള്ള ഇടപാടുകൾക്കായാണ് ദേവീന്ദർ ബംഗ്ലാദേശിലേക്ക് പോകുന്നതെന്നാണ് എൻ.ഐ.എ വിലയിരുത്തൽ
സാധാരണ ഗതിയിൽ ഇന്ത്യയിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികളെ ബംഗ്ലാദേശിലേക്ക് അയക്കാറില്ല. ഐ.എസ്.ഐയുമായുള്ള ബന്ധത്തിന്റെ ഭാഗമായാണോ ദേവീന്ദർ കുട്ടികളെ ബംഗ്ലാദേശിൽ പഠിപ്പിക്കുന്നതെന്നും അന്വേഷിക്കും. ബംഗ്ലാദേശിൽ താമസിച്ചിരുന്ന സമയത്ത് ദേവീന്ദർ ഐ.എസ്.ഐ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
ദേവീന്ദറിനൊപ്പം പിടിയിലായ ഹിസ്ബുള്‍ നേതാവ് നവീദ് ബാബുവിനെ കണ്ടെത്തുന്നവര്‍ക്ക് നേരത്തെ 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവീദ് ബാബുവിനെ സംരക്ഷിച്ചതിന് 12 ലക്ഷം പ്രതിഫലം ലഭിച്ചതായാണ് ദേവീന്ദർ പറഞ്ഞത്. എന്തുകൊണ്ട് നവീദ് ബാബുവിനെ അറസ്റ്റ് ചെയ്ത് 20 ലക്ഷം പാരിതോഷികം സ്വന്തമാക്കാതെ 12 ലക്ഷം വാങ്ങിയതെന്ന കാര്യവും എൻ.ഐ.എ അന്വേഷിക്കും.