arif-muhamamd-khan-

തിരുവനന്തപുരം:പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്നും ഗവർണർ പറഞ്ഞു.

താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനമെന്ന് അ​ദ്ദേ​ഹം പറഞ്ഞു. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് താൻ ചെയ്യുന്നത്. താൻ നിയമമാണ് പറയുന്നത്. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതിൽ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഗവർണർ പറഞ്ഞു.

തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണ്. റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച്‌ മുന്നോട്ടു പോകാൻ അനുവാദം നൽകുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തലാണ് തന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നത് മാറ്റിവെച്ചത് സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അവർക്ക് നിരവധി ഭീഷണികൾ ലഭിച്ചെന്നും ഗവർണർ പറഞ്ഞു. അവർ സംവാദത്തിലും ചർച്ചയിലും വിശ്വസിക്കുന്നില്ല. വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാൻ അവർ തയ്യാറല്ല. സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചർചകളോടും സംവാദങ്ങളോടും മുഖം തിരിക്കുകയും ചെയ്യുന്നവർ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം വലുതാക്കുന്നവരാണെന്നും ഗവർണർ പറഞ്ഞു.