ആറ്റിങ്ങൽ: അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ കീഴാറ്റിങ്ങൽ മങ്കാട്ടുവീട്ടിൽ പരേതരായ മാധവൻപിളള-കമലമ്മ ദമ്പതിമാരുടെ മകൻ വിജയൻനായർ (53) മരിച്ചു. ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.യ്ക്കുസമീപം 14ന് വൈകിട്ട് 6.40നാണ് അപകടമുണ്ടായത്.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനമിടിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ വിജയൻനായരെ സഹോദരൻ പ്രഭാകരൻനായരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ചികിത്സയിലിരിക്കെ 16ന് വൈകിട്ട് 3.45ന് മരിച്ചു.ഇടിച്ച
വാഹനം തിരിച്ചറിഞ്ഞിട്ടില്ല. റോഡ് മുറിച്ചുകടക്കുന്നയാളിനെ ഒരു ബൈക്ക് തട്ടിയിടുന്നതിന്റെ ദൃശ്യം സി.സി.ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ല. ആറ്റിങ്ങൽ എൽ.ഐ.സി.ക്ക് സമീപം പദ്മസരോവരത്തിൽ താമസിക്കുന്ന സഹോദരൻ പ്രഭാകരൻനായർക്കൊപ്പമാണ് വിജയൻനായർ താമസിക്കുന്നത്. പ്രഭാകരൻനായരുടെ കടയിലെ സഹായിയായിരുന്നു വിജയൻനായർ. ഗീതകുമാരി സഹോദരി.