അക്ഷരമുറ്റങ്ങളിൽ നിന്ന് ആട്ടിയോടിച്ചത്
ദ്രാവിഡനെ
ഇണയായ പെണ്ണിന്റെ മാനം വലിച്ചെറിഞ്ഞപ്പോൾ
നോക്കി മരവിച്ചു നിന്നതും ദ്രാവിഡൻ
വയലു നനച്ചതും വരമ്പുകൾ കോരിപ്പിടിച്ചതും
വിത്തുവിതച്ചതും കൊയ്തു മെതിച്ചതും
പതിരു തിരിച്ചതും പത്തായത്തിൽ നിറച്ചതും ദ്രാവിഡൻ
മലകൾ തുരന്നതും പാറപൊടിച്ചതും
ഉടയാട നെയ്തതും ഉടുതുണിക്കുടമയല്ലാത്ത ദ്രാവിഡൻ
കല്ലിലും പുല്ലിലും പുഴയിലും വയലിലും
ദൈവങ്ങളുണ്ടെന്ന് കണ്ടുപിടിച്ചതും
സ്നേഹം പകുത്തതും തുണയായി നിന്നതും
ചൂള നിർമ്മിച്ചതും കക്ക നീറ്റിച്ചതും
ഇരുന്ന് തിളപ്പിച്ചു കാരിരുമ്പാക്കിയതും
മരനീര് വാറ്റിയതും ലഹരി വിളയിച്ചതും ദ്രാവിഡൻ
തീമുഖങ്ങൾ നൂറു നൂറായ് വളർന്ന്
തിന്മയുടെ തായ് വേര് കത്തിച്ചെരിക്കുവാൻ
കൊതിയോടെ നിൽക്കുന്നതും ദ്രാവിഡൻ