cbi

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്. ഇന്ദിരയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. പ്രതികളെ 2017 ജൂലായിൽ ശിക്ഷിച്ചതാണെന്നും എന്നാൽ 2019 വരെ ഡൽഹി സർക്കാർ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും തിവാരി ആരോപിച്ചു. ജയിൽ സംസ്ഥാന സർക്കാരിന് കീഴിലാണെന്നും കുറ്റവാളികളെ ശിക്ഷയുടെ കാര്യം അറിയിക്കാമായിരുന്നുവെന്നും ആം ആദ്മിയെ പ്രതിസ്ഥാനത്ത് നിർത്തി അദ്ദേഹം പറഞ്ഞു. ഇന്ദിരയുടെ ചരിത്രവും അവർക്ക് ആം ആദ്മി പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും എല്ലാവർക്കും അറിയാമെന്ന് ബി.ജെ.പി നേതാവ് സരോജ് പാണ്ഡെ പറഞ്ഞു. കാര്യങ്ങൾ വെളിപ്പെടുമ്പോൾ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.