കൊച്ചി: ലോകത്ത് ഏറ്റവുമധികം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം. 2019ൽ 1,900 കോടി ആപ്പുകളാണ് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്‌തത്. കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്രവും ഉയർന്ന നിരക്കാണിത്. 2016നെ അപേക്ഷിച്ച് വർദ്ധന 195 ശതമാനം.
ഇക്കാലയളവിൽ ആഗോള തലത്തിലുണ്ടായ വർദ്ധന 45 ശതമാനമാണ്. അമേരിക്ക വെറും അഞ്ച് ശതമാനം വർദ്ധനയാണ് കുറിച്ചത്. ചൈനയിൽ വർദ്ധന 80 ശതമാനം. ആഗോളതലത്തിൽ കഴിഞ്ഞവർഷം 20,400 കോടി മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടു. മൊബൈൽ ആപ്പുകൾക്കായി ഉപഭോക്താക്കൾ കഴിഞ്ഞവർഷം 12,000 കോടി ഡോളർ ചെലവഴിച്ചു. ഇതിൽ 0.3 ശതമാനം (ഏകദേശം 37 കോടി ഡോളർ) ആണ് ഇന്ത്യയുടെ പങ്ക്. ചൈനയുടെ പങ്ക് 40 ശതമാനമാണ്.
കഴിഞ്ഞവർഷം ഓരോ ഇന്ത്യക്കാരനും പ്രതിദിനം ശരാശരി 3.5 മണിക്കൂർ മൊബൈൽ ഫോണിൽ ചെലവിട്ടു. ആഗോള ശരാശരി 3.7 മണിക്കൂറാണ്.
ഫുഡ് ആൻഡ് ഡ്രിംഗ് ആപ്പുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. 2019ൽ ഇവയുടെ ഡൗൺലോഡ് വർദ്ധന 182 ശതമാനമാണ്.
ഡിജിറ്റൽ പണമിടപാടിനോട് ഇഷ്‌ടം കൂടുകയാണ് ഇന്ത്യയിൽ. കഴിഞ്ഞവർഷം ഫിൻടെക് ആപ്പുകളുടെ ഉപയോഗം 63 ശതമാനം ഉയർന്നു.
വാട്‌സ്ആപ്പ് സേവനം തടസപ്പെട്ടു; അമ്പരന്ന് ഉപഭോക്താക്കൾ
ഇന്നലെ വാട്‌സ്ആപ്പ് സേവനത്തിൽ മണിക്കൂറുകളോളം തടസമുണ്ടായത് ഉപഭോക്താക്കൾക്ക് അമ്പരപ്പായി. ഫേസ്‌ബുക്കിന് കീഴിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ മീഡിയ ഫയലുകൾ അയയ്‌ക്കാനും ഡൗൺലോഡ് ചെയ്യാനുമാണ് തടസമുണ്ടായത്. ടെക്‌സ്‌റ്റ് മെസേജുകൾക്ക് പ്രശ്‌നമുണ്ടായില്ല.
ശബ്‌ദസന്ദേശം ഉൾപ്പെടെ മീഡിയ ഫയലുകൾക്ക് മാത്രം തടസമുണ്ടായത്, നെറ്ര്‌വർക്ക് തകരാർ എന്നാണ് ആദ്യം പലരും കരുതിയത്. ഏതാനും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിലാണ് വാട്‌സ്ആപ്പ് മുടങ്ങിയത്. രാത്രിയോടെ, തകരാർ പരിഹരിക്കപ്പെട്ടു. എന്നാൽ, സേവനം തടസപ്പെട്ടത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ല.