sheikh-hasina

അബുദാബി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം അലയടിക്കവെ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രംഗത്ത്. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും എന്നാൽ ആ നിയമം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷേഖ് ഹസീന പറഞ്ഞു. യു.എ.ഇയിൽ വെച്ച് ഗൾഫ് ന്യൂസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘എന്തിനാണ് അവർ (കേന്ദ്ര സർക്കാർ)​ ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ല. സി.എ.എ ഒരു അവശ്യകത അല്ല,’ ഷെയ്ഖ് ഹസീന അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. നേരത്തെ പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മൂന്ന് ബംഗ്ലാദേശി മന്ത്രിമാ‍ർ ഇന്ത്യയിലേക്കുള്ള സന്ദർശനം ഒഴിവാക്കിയിരുന്നു. അതിന് ശേഷമാണ് ഷേഖ് ഹസീന അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനത്തെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഈ നിയമത്തിലൂടെ ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുങ്ങും.​