3,500 കിലോമീറ്റർ റേഞ്ചുള്ള കെ - 4 മിസൈൽ
വൻശക്തികൾക്കൊപ്പം ഇന്ത്യയും
കടലിലെ പരീക്ഷണം വിജയം
ന്യൂഡൽഹി: അന്തർവാഹിനിയിൽ നിന്ന് ശത്രു ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ ആണവായുധ ബാലിസ്റ്റിക് മിസൈൽ കെ -4 ഇന്നലെ ആന്ധ്ര തീരക്കടലിൽ വിജയകരമായി പരീക്ഷിച്ചു. സമുദ്രത്തിനടിയിൽ സ്ഥാപിച്ച പ്ലാറ്റ്ഫോമിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. 3,500 കിലോമീറ്ററാണ് മിസൈലിന്റെ പ്രഹര പരിധി.
ഇതോടെ കരയിലും കടലിലും ആകാശത്തും നിന്ന് ആണവ മിസൈലുകൾ പ്രയോഗിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. ഈ ശേഷിയുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ വൻശക്തികൾക്ക് മാത്രമാണ് ഇതുവരെ ഈ ശേഷി ഉണ്ടായിരുന്നത്. ഇതോടെ ഇന്ത്യയുടെ സൈനിക ശേഷിയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകും.
നാവിക സേനയുടെ ആണവ അന്തർവാഹിനിയിൽ നിന്ന് പ്രയോഗിക്കാൻ പ്രതിരോധ ഗവേഷണ സ്ഥാപനം ( ഡി. ആർ. ഡി. ഒ ) വികസിപ്പിച്ച രണ്ട് മിസൈലുകളിൽ ഒന്നാണ് കെ - 4. എഴുനൂറ് കിലോമീറ്റർ റേഞ്ചുള്ള ബി. ഒ - 5 ആണ് രണ്ടാമത്തെ മിസൈൽ. നിലവിൽ ഐ. എൻ. എസ് അരിഹന്ത് ആണ് ഇന്ത്യയുടെ പ്രവർത്ത സജ്ജമായ ഏക ആണവ അന്തവാഹിനി.
കെ 4 കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം അരിഹന്ത് അന്തർവാഹിനിയിൽ വിന്യസിക്കും. പിന്നീട് അന്തർ വാഹിനിയിൽ നിന്ന് പരീക്ഷണ വിക്ഷേപണങ്ങൾ നടത്തും.
കെ - 4 മിസൈൽ ഇന്നലെ 1500 കിലോമീറ്റർ പരിധിയിലാണ് പരീക്ഷിച്ചത്.