കൊച്ചി: സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യം മികച്ചതാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവൈരാണിക്കുളത്ത് പിൽഗ്രിം ടൂറിസം അമിനിറ്റി ആൻഡ് ഫെസിലിറ്രേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ അടക്കം കോടികൾ മുടക്കിയുള്ള അടിസ്ഥാന സൗകര്യവികസനമാണ് നടക്കുന്നത്.
വർഷത്തിൽ 12 നാൾ മാത്രം ശ്രീപാർവതി ദേവിയുടെ നട തുറക്കുന്നു എന്നതിനാൽ ശ്രദ്ധേയമാണ് തിരുവൈരാണിക്കുളം ക്ഷേത്രം. ഉത്തമ ദാമ്പത്യത്തിന്റെ പ്രതീകങ്ങളായ ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി ലക്ഷങ്ങൾ ഓരോ നടതുറപ്പിനും എത്തുന്നു. മംഗല്യദേവതയായ പാർവതീദേവിയെ ദർശിക്കാൻ എത്തുന്നവരിൽ സ്‌ത്രീകളാണ് കൂടുതൽ എന്നതിനാൽ ക്ഷേത്രത്തിൽ മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കുക സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്‌ടർ കെ. രാജ്കുമാർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്‌റ്റ്യൻ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. സെബാസ്‌റ്റ്യൻ, വാർഡ് മെമ്പർ എം.കെ. കലാധരൻ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡി. കമലമ്മ, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുൽ രാം, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ശ്രീപാർവതീ ദേവിയുടെ
തിരുനട ഇന്ന് അടയ്‌ക്കും
കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീ ദേവിയുടെ തിരുനട ഇന്ന് അടയ്‌ക്കും. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് രാത്രി എട്ടിന് നട അടയ്‌ക്കുക.
രാത്രി മഹാദേവന്റെ അത്താഴ പൂജയ്ക്ക് മുമ്പ് പാർവതീദേവിയെ പാട്ടുപുരയിൽ നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും സമുദായം തിരുമേനി ചെറുമുക്ക് വാസുദേവൻ നമ്പൂതിരിപ്പാട്, ശ്രീപാർവതീ ദേവിയുടെ ഇഷ്‌ടതോഴിയായി സങ്കല്‌പ്പിക്കപ്പെടുന്ന 'പുഷ്‌പിണി", ക്ഷേത്ര ഭരണസമിതി പ്രതിനിധികൾ എന്നിവരും നടയ്‌ക്കൽ വന്നുനിൽക്കും. തുടർന്ന്, ആചാരപ്രകാരം നടഅടയ്‌ക്കും. മേൽശാന്തി നട അടയ്ക്കുന്നതോടെ ദർശനത്തിന് സമാപനമാകും.