തിരുവനന്തപുരം: സോളാർ കേസിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായർ. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായർ പറയുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥർ സരിത എസ്..നായരുമായി കൂടിക്കാഴ്ച നടത്തിയത്.
എം.പിമാർക്കെതിരായ കേസിന്റെ വിശദംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ്. നായർ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥർ എത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങൾക്കിടെ കൂടിയാണ് ബി..ജെ..പി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യ പ്രകാരം സോളാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ സരിതാ എസ്. നായരെ സമീപിച്ചതെന്നാണ് സൂചന.
ഒന്ന് രണ്ട് തവണ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് രാഷ്ട്രീയ താൽപര്യം മുൻനിറുത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികൾക്ക് ഇനി താത്പര്യമില്ല. കേരള സർക്കാർ കേസിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായർ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ്..നായർ പറയുന്നു.