ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ‘മാതളത്തേനുണ്ണാൻ' എന്ന ഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ ഈ ഗാനം ആലപിച്ച വി.ടി. മുരളി രംഗത്തെത്തിയിരുന്നു. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മുരളി ഈ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിൽ വിശദീകരണവുമായി താരം രംഗത്തെത്തി. അന്ന് താൻ പറഞ്ഞതിൽ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും താൻ ക്ഷമ ചോദിക്കുന്നതായും മോഹൻലാൽ പറഞ്ഞു.
'കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഒരാളോട് പാട്ടുപാടാൻ പറഞ്ഞു. അവർ പാട്ടുപാടി. പക്ഷെ ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ എന്നനിക്കറിയില്ല. അപ്പോൾ ഇത് എന്റെ സിനിമയിലേതാണെന്നും ഞാൻ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു. 38 വർഷം മുമ്പുള്ള സിനിമയാണ്. പക്ഷെ അത് ഞാൻ പാടിയ പാട്ടാണെന്ന് ഒരുപാടുപേർ തെറ്റിദ്ധരിച്ചു'. താൻ അതല്ല ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.
ചാനൽ പരിപാടിക്കിടെ മോഹൻലാൽ പാട്ട് താൻ പാടിയതാണെന്ന് നടൻ ധർമ്മജനോട് പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ മോഹൻലാലിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ...’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളിയാൻ് ആലപിച്ചത്.